Kerala

സുപ്രീം കോടതി ഉത്തരവ് മറികടന്ന് ഡൽഹിയിലെ നിരവധി സ്വത്തുവകകൾ കോൺ​ഗ്രസ് വഖഫ് ബോർഡിന് കൈമാറി, ഭരണഘടനയിൽ വഖഫ് നിയമത്തിന് സ്ഥാനമില്ല- മോദി

Published by

മുംബൈ: കോൺ​ഗ്രസ് വോട്ട് ബാങ്ക് സുരക്ഷിതമാക്കാൻ വഖഫിനെ കൂട്ടുപിടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവർ രാജ്യത്ത് നടപ്പാക്കിയത് പ്രീണന രാഷ്‌ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങളായിരുന്നെന്നും മോദി പറഞ്ഞു. ഡൽഹിയിലെ നിരവധി സ്വത്തുവകകൾ കോൺ​ഗ്രസ് വഖഫ് ബോർഡിന് കൈമാറിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ പ്രവർത്തകരെ അഭിസംബോധന ചെയ്യവേയാണ് മോ​​ദി കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ചത്.

പ്രീണനരാഷ്‌ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങളാണ് രാജ്യത്ത് കോൺഗ്രസ് നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. വഖഫ് ബോർഡ് അതിന്റെ ഉദാഹരണമാണ്. ബാബാസാഹേബ് അംബേദ്കർ നമുക്ക് നൽകിയ ഭരണഘടനയിൽ വഖഫ് നിയമത്തിന് സ്ഥാനമില്ല, എന്നാൽ കോൺഗ്രസ് അതിനെ പിന്തുണയ്‌ക്കുകയാണ് ചെയ്യുന്നത്. വോട്ടുബാങ്ക് രാഷ്‌ട്രീയമാണത്. 2014ൽ കോൺഗ്രസ് ഭരണം അവസാനിക്കുന്നതിന് മുൻപ് കോൺഗ്രസ് ഡൽഹിയിലെ നിരവധി സ്വത്തുവകകൾ വഖഫ് ബോർഡിന് കൈമാറിയിരുന്നുവെന്നും മോദി ആരോപിച്ചു.

അധികാരത്തിന് വേണ്ടിയുള്ള ആർത്തിയിൽ ഭരണഘടനയുടെ മതേതര മൂല്യങ്ങളെ പോലും കോൺഗ്രസ് നശിപ്പിച്ചു. സുപ്രീം കോടതിയുടെ ഉത്തരവിനെ പോലും മറികടന്നാണ് ഡൽഹിക്ക് സമീപത്തെ ഭൂമി കോൺഗ്രസ് വഖഫിന് കൈമാറിയത്. നിയമസഭാതിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെയായിരുന്നു ഇതെന്നും മോദി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by