India

ഓരോ എൻഡിഎ പ്രവർത്തകരുടെയും പ്രയത്‌നങ്ങളിൽ തനിക്ക് അഭിമാനമുണ്ട് : ഷിൻഡെയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

Published by

ന്യൂദൽഹി : മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം വിജയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. സംസ്ഥാനത്ത് സഖ്യം അധികാരം നിലനിർത്തിയതിൽ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്രവിജയം വികസനത്തിന്റെയും സദ്ഭരണത്തിന്റെയും വിജയമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മഹാരാഷ്‌ട്രയുടെ പുരോഗതിക്കായി തങ്ങളുടെ സഖ്യം തുടർന്നും പ്രവർത്തിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകി.

“വികസനം വിജയിക്കുന്നു! സദ്ഭരണം വിജയിക്കുന്നു! ഞങ്ങൾ ഇനിയും ഉയരത്തിൽ കുതിക്കും! എൻഡിഎയ്‌ക്ക് ചരിത്രപരമായ അധികാരം നൽകിയതിന് മഹാരാഷ്‌ട്രയിലെ എന്റെ സഹോദരി സഹോദരന്മാർക്ക്, പ്രത്യേകിച്ച് സംസ്ഥാനത്തെ യുവജനങ്ങൾക്കും സ്ത്രീകൾക്കും ഹൃദയംഗമമായ നന്ദി. ഈ വാത്സല്യവും ഊഷ്മളതയും സമാനതകളില്ലാത്തതാണ്. മഹാരാഷ്‌ട്രയുടെ പുരോഗതിക്കായി ഞങ്ങളുടെ സഖ്യം തുടർന്നും പ്രവർത്തിക്കുമെന്ന് ഞാൻ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. ജയ് മഹാരാഷ്‌ട്ര ” -എക്‌സിൽ പ്രധാനമന്ത്രി മോദി പോസ്റ്റ് ചെയ്തു.

കൂടാതെ ഓരോ എൻഡിഎ പ്രവർത്തകരുടെയും പ്രയത്‌നങ്ങളിൽ തനിക്ക് അഭിമാനമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി അവർ കഠിനാധ്വാനം ചെയ്തെന്നും ജനങ്ങൾക്കിടയിൽ പോയി തങ്ങളുടെ നല്ല ഭരണ അജണ്ട വിശദീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി വൻ വിജയത്തിലേക്ക് കുതിക്കുന്നതിനിടെ ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ അജിത് പവാർ, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അഭിനന്ദിച്ചിരുന്നു.

മഹാരാഷ്‌ട്ര നിയമസഭയിലെ 288 സീറ്റുകളിൽ 230-ലധികം സീറ്റുകൾ നേടി മഹായുതി സഖ്യം അധികാരം നിലനിർത്തി. പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്ക് 50 സീറ്റുകളിനിടയിൽ മാത്രമാണ് മുന്നേറാൻ സാധിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by