തൃശൂര്‍: ഗൃഹാതുരത്വം പ്രമേയമാക്കി ശ്രീജ കളപ്പുരക്കലിന്റെ ശരറാന്തല്‍ ചിത്ര പ്രദര്‍ശനം ലളിതകലാ അക്കാദമിയില്‍ ആരംഭിച്ചു.
ചിരട്ടകളെ ക്യാന്‍വാസ് ആക്കിയാണ് ശ്രീജ കളപ്പുരക്കലിന്റെ കലാസൃഷ്ടികള്‍. 300 ല്‍ അധികം ചിരട്ടയിലാണ് ശ്രീജയുടെ പുതിയ കലാവിരുത്.കല്ലുകളിലും ചിപ്പികളിലും തൂവലുകളിലും നിരവധി കലാരചനകള്‍ ഒരുക്കിയ ശ്രീജ കളപ്പുരക്കലിന്റെ പുതിയ പരീക്ഷണമാണ് ചിരട്ടകളിലെ ചിത്രങ്ങള്‍.
മലയാളി മറന്നുവെച്ച ഓര്‍മ്മകളും ആശയങ്ങളും കാഴ്ചകളും ആണ് അതി സൂക്ഷ്മവും സങ്കീര്‍ണവും ആയി ചിരട്ടകളുടെ ഉള്‍വശത്തായി ശ്രീജ വരച്ചു വെച്ചിരിക്കുന്നത്. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ എന്നതാണ് ചിത്രപ്രദര്‍ശനത്തിന്റെ ആശയം.
അധ്യാപിക കൂടിയായ തൃശൂര്‍ ഒളരി സ്വദേശി ശ്രീജ കളപ്പുരക്കല്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയ കലാകാരിയാണ്. ലിംഗ ബുക്ക് ഓഫ് റെക്കോര്‍ഡ് അടക്കം നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ ശ്രീജ കളപ്പുരക്കലിനെ തേടിയെത്തിയിട്ടുണ്ട്. ചിരട്ടകള്‍ പൊട്ടിച്ചെടുത്ത് പശയും പൊടിയും ചേര്‍ത്തുണ്ടാക്കിയ ക്യാന്വാസുപയോഗിച്ച് നിര്‍മ്മിച്ച ഭാരത ഭൂപടത്തില്‍ വരച്ചെടുത്ത ഭാരത കലാ ചരിത്രം പ്രദര്‍ശനത്തിലെ ശ്രദ്ധേയമായ സൃഷ്ടിയാണ്. എ റെ ഓഫ് നൊസ്റ്റാള്‍ജിയ -ശരറാന്തല്‍ എന്ന് പേരിട്ട എക്സിബിഷന് 28 വരെ ലളിതാകല അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: