Kerala

ക്ഷേത്രഭൂമി കൈയേറ്റക്കാര്‍ക്ക് നല്‍കുന്ന തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം: വിഎച്ച്പി

Published by

കൊച്ചി: കൈയേറിയ ക്ഷേത്രഭൂമികള്‍ക്ക് അദാലത്തിലൂടെ പട്ടയം നല്‍കാനുള്ള നടപടികള്‍ ഒരിക്കലും അനുവദിക്കില്ലെന്നും തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ വിഎച്ച്പിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കൈയേറ്റത്തിലൂടെ നിരവധി ക്ഷേത്രങ്ങള്‍ക്കാണ് ഭൂമി നഷ്ടപ്പെടുന്നത്. നഷ്ടപ്പെട്ട ഭൂമി ക്ഷേത്രങ്ങള്‍ക്ക് തിരിച്ചു കൊടുക്കാനുള്ള നടപടികള്‍ക്ക് പകരം അത് കൈയേറിയവര്‍ക്ക് തന്നെ നിയമാനുസൃതമാക്കി നല്‍കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ക്ഷേത്ര ഭരണാധികാരികള്‍ക്ക് വിവരങ്ങള്‍ പരിശോധിക്കാനോ എതിര്‍ കക്ഷികള്‍ ഹാജരാക്കിയ രേഖകളുടെ സാധ്യത പരിശോധിക്കാനോ സമയം നല്‍കാതെയാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

സാധാരണ ദേവസ്വം ഭൂമി കൈയേറ്റവിഷയങ്ങള്‍ അദാലത്തുകളിലൂടെ തീര്‍പ്പുകല്‍പ്പിക്കാറില്ല. കോടതികളാണ് കേസില്‍ തീര്‍പ്പു കല്‍പ്പിക്കുന്നത്. ഇതിനു വിപരീതമായി അദാലത്തുകള്‍ നടത്തി ഭൂമി വിട്ടു നല്‍കുന്നതിലൂടെ സര്‍ക്കാര്‍ കൈയേറ്റര്‍ക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണ്. സര്‍ക്കാര്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ക്ഷേത്രങ്ങളുടെ ഭൂമി ക്ഷേത്രങ്ങള്‍ക്കു നല്‍കണമെന്നും വിഎച്ച്പി നേതാക്കള്‍ ആവശ്യപ്പെട്ടു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക