കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് എതിരില്ലാത്ത പത്ത് ഗോളിന്റെ തകര്‍പ്പന്‍ ജയം. ലക്ഷദ്വീപിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ നാലും രണ്ടാം പകുതിയില്‍ ആറും ഗോളുകള്‍ നേടിയാണ് കേരളം ജയം നേടിയത്.
സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ട് മത്സരത്തിലെ രണ്ടാം ജയത്തോടെ കേരളം ആറ് പോയിന്റുമായി പട്ടികയില്‍ ഒന്നാമതായി. ആദ്യ മത്സരം കഴിയുമ്പോള്‍ ഗോള്‍ വ്യത്യാസത്തില്‍ പുതുച്ചേരിയായിരുന്നു കേരളത്തെക്കാള്‍ മുന്നില്‍.
രണ്ടാം റൗണ്ട് മത്സരത്തില്‍ പുതുച്ചേരിയെ നേരിട്ട റെയില്‍വേസിന്റെ വിജയം ഒന്നിനെതിരെ പത്ത് ഗോളുകള്‍ക്കായിരുന്നു. പട്ടികയില്‍ റെയില്‍വേസ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയപ്പോള്‍ പുതുച്ചേരി മൂന്നാമതായി. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ലക്ഷദ്വീപ് നാലാമതാണ്.
മൂന്ന് മത്സരങ്ങളും തീരുമ്പോള്‍ ഗ്രൂപ്പ് എച്ചില്‍ ജേതാക്കളാകുന്ന ടീമിന് മാത്രമേ ഫൈനല്‍സിന് യോഗ്യത നേടാനാകൂ. ആദ്യ മത്സരത്തില്‍ കേരളം ജയിച്ചെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ രണ്ടാമതായിപ്പോയി. ഈ തിരിച്ചറിവിലാണ് കേരളം ഇന്നലെ മതിവരുവോളം ഗോളുകള്‍ ലക്ഷദ്വീപ് വലയ്‌ക്കകത്ത് നിറച്ചത്.
മത്സരത്തിന്റെ ആറാം മിനിറ്റ് മുതല്‍ 89-ാം മിനിറ്റ് വരെ കേരളം ഗോളുകള്‍ നേടിക്കൊണ്ടിരുന്നു. കേരളത്തിനായി സജീഷ് ഇ.എസ്. ഹാട്രിക് നേടിയപ്പോള്‍ അജ്‌സല്‍.എം, നിഗം.ജി എന്നിവര്‍ ഇരട്ടഗോളുകള്‍ നേടി. റഹ്മാന്‍.എന്‍, അര്‍ജുന്‍.വി, മുഷറഫ്.എം എന്നിവരാണ് മറ്റ് ഗോള്‍ നേട്ടക്കാര്‍.
ആറാം മിനിറ്റില്‍ അജ്‌സല്‍ ആണ് ഗോള്‍ വര്‍ഷത്തിന് തുടക്കമിട്ടത്. ഒമ്പതാം മിനിറ്റില്‍ രണ്ടാം ഗോള്‍. 20, 37 മിനിറ്റുകളില്‍ നേടിയ ഗോളോടെ ആദ്യ പകുതി തീര്‍ത്തു.
രണ്ടാം പകുതി തുടങ്ങിയത് തന്നെ അര്‍ജുന്‍ നേടിയ ഗോളോടെയായിരുന്നു. 55-ാം മിനിറ്റില്‍ ടീമിന്റെ ആറാം ഗോള്‍. രണ്ട് മിനിറ്റിനകം വീണ്ടും ലീഡ് ഉയര്‍ത്തി. 78, 81, 89 മിനിറ്റുകളില്‍ യഥാക്രമം എട്ട്, ഒമ്പത്, 10 ഗോളുകളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക