എറണാകുളം: കൈക്കൂലി വാങ്ങവെ വിജിലന്‍സ് പിടികൂടിയ ലേബര്‍ ഓഫീസറുടെ വീട്ടില്‍നിന്ന് രണ്ടര ലക്ഷം രൂപ പിടിച്ചെടുത്തു. കൈക്കൂലി വാങ്ങി സൂക്ഷിച്ചിരുന്ന തുകയാണ് പിടികൂടിയത്.വീട്ടില്‍ നിന്ന് 30 പവന്റെ സ്വര്‍ണവും വിജിലന്‍സ് കണ്ടെടുത്തു.
അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ഉത്തര്‍പ്രദേശ് സ്വദേശി അജിത് കുമാറിന്റെ വീട്ടില്‍ നടത്തിയ വിജിലന്‍സ് പരിശോധനയിലാണ് പണവും സ്വര്‍ണവും പിടിച്ചെടുത്തത്. കൊച്ചി സെന്‍ട്രല്‍ ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന് ഓഫീസില്‍ ജീവനക്കാരനാണ് ഇയാള്‍.
ലേബര്‍ കാര്‍ഡ് നല്‍കുന്നതിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അജിത് കുമാര്‍ വിജിലന്‍സിന്റെ പിടിയിലായത്. ബിപിസിഎല്‍ കമ്പനിയില്‍ ലേബര്‍ തൊഴിലാളികളെ കയറ്റാനായിരുന്നു കൈക്കൂലി വാങ്ങിയത്.
ഒരു തൊഴിലാളിക്ക് 1,000 രൂപ വീതമാണ് അജിത് കൈക്കൂലി വാങ്ങിയിരുന്നതെന്നാണ് വിവരം. ഇങ്ങനെ 20 തൊഴിലാളികളുടെ കാര്‍ഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: