ഗോവ: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി ആനന്ദബോസ് വിവിധ ഭാഷകളില്‍ എഴുതിയ എട്ട് പുസ്തകങ്ങള്‍ ഗോവ ഗവര്ണര്പി എസ് ശ്രീധരന് പിള്ളയും മുഖ്യമന്ത്രി പ്രമോദ് സാവന്തും ഗോവ രാജ്ഭവനില്‍ പ്രകാശനം ചെയ്തു.
കാഴ്ചകള്‍ ഉള്‍ക്കാഴ്ചകള്‍ (മലയാളം), ചെക്കോവ് ആന്‍ഡ് ഹിസ് ബോയ്സ് (ഇംഗ്ലീഷ്, ഹിന്ദി) വാക് ദി ടാക്ക് വിത്ത് മിത്ത് ആന്‍ഡ് സയന്‍സ് (ഇംഗ്ലീഷ്), ഭക്തി ജുക്തിര് ജുഗല്‍ബന്ദി (ബംഗാളി), സൈലെന്‍സ് സൗണ്ടസ് ഗുഡ് (ഇംഗ്ലീഷ്), മൗനോതര് വാണി (ബംഗാളി), മൂല് സേ ഫൂല് ടാക്ക് (ഹിന്ദി) എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
വാക്കുകളിലൂടെ വിസ്മയം സൃഷ്ടിക്കുന്ന സര്‍ഗാത്മക മായാജാലമാണ് സിവി ആനന്ദബോസിന്റെ സാഹിത്യസൃഷ്ടികളെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന് പിള്ള പറഞ്ഞു.
കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സര്‍ഗവൈഭവം കൂട്ടിയിണക്കുന്ന അത്യപൂര്‍വ മലയാള കൃതിയാണ് ചെക്കോവും ചെക്കന്മാരും എന്ന ചെറുകഥാസമാഹാരം. ഇംഗ്ലീഷ്, ഹിന്ദി ബംഗാളി ഉള്‍പ്പെടെയുള്ള ഭാഷകളിലേക്ക് ആ കഥകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടത് അതിനു കിട്ടിയ സാര്‍വത്രിക അംഗീകാരത്തിനുദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുരാണം, ശാസ്ത്രം, ഭൗതികവാദം, ആത്മീയത തുടങ്ങി പ്രത്യക്ഷത്തില്‍ സമാനതകളില്ലാത്ത, വിപരീതങ്ങളുടെ സര്‍ഗാത്മകമായ അനുരഞ്ജനമാണ് ആനന്ദബോസ് കൃതികളുടെ മുഖ്യ സവിശേഷതയെന്ന് ഗവര്‍ണര്‍ ശ്രീധരന്‍പിള്ള പറഞ്ഞു. അദ്ദേഹത്തിന്റെ അനുഗൃഹീത തൂലികയില്‍ നിന്ന് ഇനിയും ഇത്തരം സൃഷ്ടികള്‍ ഉണ്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. അവതാരികയില്‍ പറയുന്നതുപോലെ സൂര്യനു കീഴിലുള്ള എല്ലാം ഈ പുസ്തകത്തിലുണ്ട്, അല്ല, സൂര്യനുമുണ്ട്.
വായനക്കാരെ ആകര്‍ഷിക്കുകയും പ്രചോദിപ്പിക്കുകയും മുന്നോട്ടുനയിക്കുകയും ചെയ്യുന്ന ഒരു സവിശേഷ വായനാനുഭവമാണ് ആനന്ദബോസിന്റെ പുസ്തകങ്ങള്‍ നല്‍കുന്നതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിപ്രായപ്പെട്ടു. ഗോവ ഗവര്‍ണറും മുഖ്യമന്ത്രിയും ഡോ. ആനന്ദബോസിനെ ആദരിച്ചു.
‘ജി 3 സാഗര്‍ ബന്ധന്’ ദൗത്യത്തിന്റെ ഭാഗമായി ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ദേശീയ നിരീക്ഷകനായി ഗവര്‍ണര്‍ ആനന്ദബോസ് പങ്കെടുത്തു. ഭാരതീയ സിനിമയെ ആഗോള സിനിമയുമായി എങ്ങനെ ബന്ധിപ്പിക്കാമെന്ന് വിശകലനം ചെയ്ത് സമഗ്രമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് സന്ദര്‍ശനശേഷം ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: