Literature

സ്വന്തം അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കാനും സ്ഥാപിക്കാനും ചില മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നു: ശശികുമാര്‍

Published by

കൊച്ചി: വാസ്തവത്തിനും വാര്‍ത്തകള്‍ക്കും അപ്പുറം സ്വന്തം നിലപാടുകള്‍ മുന്നോട്ടുവയ്‌ക്കാന്‍ ശ്രമിക്കുന്നതാണ് പുതിയ മാധ്യമപ്രവണതയെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍. പ്രമുഖ മാധ്യമപ്രവര്‍ത്തകനും കേരള മീഡിയ അക്കാദമി ചെയര്‍മാനുമായിരുന്ന വി. പി രാമചന്ദ്രന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്ന മാധ്യമങ്ങളെയാണ് നാം ഇപ്പോള്‍ കാണുന്നത്. സ്വന്തം അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കാനും സ്ഥാപിക്കാനും ചില മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നു. ഇന്ന് പത്രപ്രവര്‍ത്തനം തെറ്റായ കാരണങ്ങള്‍ കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നായി മാറി.
മാധ്യമ സമൂഹത്തിന്റെ അന്തസുയര്‍ത്തുന്നതിനുള്ള അവസരമായി വി പി ആര്‍ ജന്മശതാബാദി ഉപയോഗിക്കണമെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാനും ചടങ്ങിന്റെ അധ്യക്ഷനുമായ ആര്‍ എസ് ബാബു പറഞ്ഞു. വിപിആര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ശ്രേഷ്ഠത സമൂഹത്തിനോട് വിനിമയം ചെയ്യാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണം. കാലപ്രവാഹത്തില്‍ ഒലിച്ചു പോകേണ്ടവരല്ല ചിരസ്മരണീയരായ മാധ്യമപ്രവര്‍ത്തകര്‍ എന്നും വിപിആറിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ വര്‍ഷം തോറും ഒരുലക്ഷം രൂപയുടെ അവാര്‍ഡ് എല്ലാ ഏപ്രില്‍ മാസത്തിലും നല്‍കാന്‍ അക്കാദമി തീരുമാനിച്ചിട്ടുണ്ട്് എന്നും ആര്‍എസ് ബാബു പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by