ഭോപ്പാൽ : ബാഗേശ്വർ ധാമിലെ പീതാധീശ്വർ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ നേതൃത്വത്തിൽ ‘ഹിന്ദു ഏകതാ യാത്ര’ ആരംഭിച്ചു. സനാതന ധർമ്മത്തിന്റെ ഐക്യം പ്രോത്സാഹിപ്പിക്കുകയും ജാതീയതയുടെ മതിലുകൾ തകർക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത് .
നവംബർ 21 ന് ബാഗേശ്വര് ധാമിൽ നിന്ന് ആരംഭിച്ച യാത്ര 160 കിലോമീറ്റർ പിന്നിട്ട് നവംബർ 29 ന് അവസാനിക്കും. സനാതന ധർമ്മം പ്രചരിപ്പിക്കുന്നതിനും ഹിന്ദുക്കളെ ഒന്നിപ്പിക്കുന്നതിനുമാണ് ഈ യാത്രയെന്ന് അദ്ദേഹം പറഞ്ഞു. ജാതിയുടെയും ഭാഷയുടെയും വിഭജനം ഇല്ലാതാക്കാൻ, നമ്മൾ ഐക്യത്തിന്റെ പാത പിന്തുടരേണ്ടതുണ്ട്. ഹിന്ദുമതത്തെ രക്ഷിക്കാനും ഇന്ത്യയെ ‘വിശ്വഗുരു’ ആക്കാനും ഇത് ആവശ്യമാണെന്നും ശാസ്ത്രി പറഞ്ഞു. ഈ യാത്രയുടെ ഭാഗമാകാൻ എല്ലാ സമുദായങ്ങളെയും അദ്ദേഹം ക്ഷണിച്ചു.
അതേസമയം കോൺഗ്രസ് നേതാവും , മുൻ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ്ങിന്റെ മകൻ ജയവർധൻ സിംഗും യാത്രയിൽ പങ്കെടുക്കുന്നുണ്ട്.
ഹിന്ദുമതത്തിന് ഐക്യം ആവശ്യമാണെന്നും യാത്രയിൽ പങ്കെടുത്ത് ജയവർധൻ സിംഗ് പറഞ്ഞു. “ഈ യാത്ര ഒരു പാർട്ടിയുടെയും അല്ല, സനാതന ധർമ്മത്തിൻ്റേതാണ്. ജാതീയത ഇല്ലാതാക്കി സമൂഹത്തെ ഒന്നിപ്പിക്കുകയാണ് വേണ്ടത്. സനാതന ബോർഡ് എന്ന ഈ ആശയം ശരിയായ ദിശയിലാണ്. ഞങ്ങൾ സനാതഭക്തരാണ്, എന്നും അങ്ങനെ തന്നെയായിരിക്കും. ഈ യാത്ര ഹിന്ദുക്കളെ ഒന്നിപ്പിക്കാനുള്ള ശ്രമമാണെന്നും അതിൽ എല്ലാ സമൂഹങ്ങൾക്കും തുല്യ ബഹുമാനം നൽകണം . ഹിന്ദുമതം ഇന്ത്യയുടെ ആത്മാവാണ് , എല്ലാ മതങ്ങളും എവിടെ നിന്നോ ആരംഭിച്ചതാണ്, ഹിന്ദുമതം ആരംഭിച്ചത് ഇന്ത്യയിൽ നിന്നാണ്. അതുകൊണ്ട് ഇന്ത്യ സ്വാഭാവികമായും ഒരു ഹിന്ദു രാഷ്‌ട്രമാണ് – എന്നും ജയവർധൻ സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക