കോട്ടയം : ആശ്വാസം. വിവിഐപികള്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ കറുത്ത വസ്ത്രം ധരിച്ച് പങ്കെടുക്കാനുള്ള വിലക്കു കൂടിയാണ് ഹൈക്കോടതിയുടെ കരിങ്കൊടിക്കനുകൂലമായ വിധിയില്‍ നീങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പങ്കെടുക്കുന്ന ചടങ്ങുകളില്‍ കറുത്ത കുപ്പായം ധരിച്ച് പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല . കറുത്ത ഷര്‍ട്ടോ ചുരിദാറോ ധരിച്ചെത്തുന്നവരെ പോലീസ് തടയുന്ന സമീപനം ഉണ്ടായിരുന്നു. ഒരു കഥയുമില്ലെങ്കിലും മറ്റ് വിവിഐപികളുടെ കാര്യത്തിലും പോലീസ് സമാനമായ സമീപനമാണ് കൈക്കൊള്ളാറ്.
കരിങ്കൊടി വീശി പ്രതിഷേധിക്കുന്നത് നിയമവിരുദ്ധവും അപകീര്‍ത്തിപ്പെടുത്തലും അല്ലെന്ന ഹൈക്കോടതിയുടെ വിധിയെ തുടര്‍ന്ന് സമാനമായ സംഭവങ്ങളില്‍ എടുത്ത മറ്റ് കേസുകളും ഇനി റദ്ദാക്കപ്പെടും. അടുത്തകാലത്ത് നവ കേരള സദസ്സുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം ഒട്ടേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കരിങ്കൊടിയമായി എത്തുന്നവരെ ആക്രമിച്ചു കീഴ്‌പ്പെടുത്തുന്ന സ്ഥിതിവിശേഷം വരെ പോലീസ് സൃഷ്ടിച്ചു. ഇത് വലിയ സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കി. മേലില്‍ സമാധാനപരമായി കരിങ്കൊടി വീശുന്നവരെ തടയാന്‍ പോലീസിന് കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക