സന്നിധാനം: മുന്‍ വര്‍ഷങ്ങളിലെപ്പോലെ ബേസ് ക്യാമ്പായ നിലയ്ക്കലില്‍ തല്‍സമയ ബുക്കിങ് ഇല്ലാത്തത് തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിലാക്കുന്നു. വെര്‍ച്വല്‍ ക്യൂ ബുക്കിങ് ലഭിക്കാതെ ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് തത്സമയ ഓണ്‍ലൈന്‍ ബുക്കിങിന് ദേവസ്വം ബോര്‍ഡ് ഒരുക്കിയ സംവിധാനം നിലയ്ക്കലില്‍ ഇല്ല. പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം എന്നിടങ്ങളില്‍ മാത്രമാണ് ഇതുള്ളത്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ വലിയ വാഹനങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ നിലയ്ക്കലില്‍ വാഹനം പാര്‍ക്കു ചെയ്തശേഷം കെഎസ്ആര്‍ടിസി ബസിലാണ് പമ്പയിലേക്ക് എത്തേണ്ടത്. ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കലില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നേരത്തെ അനുവദിച്ചിരുന്ന സ്പോട്ട് ബുക്കിംഗ് ഏറെ സൗകര്യ പ്രദമായിരുന്നു.
ആധാര്‍കാര്‍ഡുമായി സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളിലെത്തിയാല്‍ ഫോട്ടോ ഉള്‍പ്പടെ എടുത്ത് വെര്‍ച്ച്വല്‍ ക്യൂവിന്റെ അതേ നടപടിക്രമങ്ങളിലൂടെ ബുക്കിംഗ് നടത്തി ഭക്തര്‍ക്ക് ദര്‍ശനം നടത്താം. പുല്ലുമേട് വഴി വരുന്ന തീര്‍ത്ഥാടകര്‍ക്ക് വണ്ടിപ്പെരിയാര്‍ സത്രത്തില്‍ തത്സമയ ബുക്കിംഗ് നടത്താം. ദിനം പ്രതി 70,000 പേര്‍ക്കാണ് വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ്. തത്സമയ ബുക്കിംഗിലൂടെ ദിനംപ്രതി 10,000 പേര്‍ക്കും ദര്‍ശനം നടത്താം. ഭക്തര്‍ എത്തുമ്പോള്‍ ആധാര്‍ കാര്‍ഡോ അതിന്റെ കോപ്പിയോ, വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് സ്ലിപ്പോ ഫോണില്‍ അതിന്റെ പി.ഡി.എഫോ ഉണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: