മന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചു നടത്തിയ പ്രസംഗം മന്ത്രിയെന്ന നിലയ്‌ക്കുള്ള ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണെന്ന കാര്യത്തില്‍ സംശയമില്ല. സജി ചെറിയാനെതിരായ കുറ്റം നിലനില്‍ക്കില്ലെന്ന പോലീസ് റിപ്പോര്‍ട്ടും ഈ റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതി നടപടിയും തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് അതു കൂടുതല്‍ ശരിവയ്‌ക്കുന്നു. 2022 ജൂലൈയില്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി വിവാദപ്രസംഗം നടത്തിയത്. ഭരണഘടനയോട് ആദരവുള്ള പാര്‍ട്ടിയല്ല സിപിഎം എന്നത് കൂടുതല്‍ വ്യക്തമാക്കിയ ആ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന സജിചെറിയാന് മന്ത്രിപദത്തിലേക്ക് തിരിച്ചുവരാന്‍ വഴിയൊരുക്കിയത് മജിസ്ട്രേറ്റ് കോടതിയുടെ ‘കുറ്റവിമുക്തന്‍’ എന്ന ഉത്തരവാണ്. ഇതുരണ്ടും ഹൈക്കോടതി തള്ളിയതോടെ മന്ത്രിപദത്തില്‍ തുടരാനുള്ള ധാര്‍മ്മികാവകാശം ഇല്ലാതായി. ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച സാഹചര്യത്തേക്കാള്‍ ഗുരുതരമായ സ്ഥിതിയാണ് ഹൈക്കോടതി ഉത്തരവോടെ നിലനില്‍ക്കുന്നത്. ഒരു നിമിഷം പോലും കടിച്ചു തൂങ്ങാതെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്തുപോകുകയാണ് ഉചിതം.
ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്ന ഭരണഘടനയാണ് രാജ്യത്തുള്ളതെന്നായിരുന്നു പരാമര്‍ശം. ഇന്ത്യയില്‍ മനോഹരമായ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് പറയുമെങ്കിലും ബ്രിട്ടീഷുകാര്‍ പറഞ്ഞ പോലെയാണ് ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത് എന്നും പ്രസംഗത്തിലുണ്ടായിരുന്നു. ഭരണഘടനയുടെ മുക്കിലും മൂലയിലുമെല്ലാം കുറച്ച് നല്ലകാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവച്ചിട്ടുണ്ടെങ്കിലും സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതുമാത്രമാണ് ഭരണഘടനയുടെ ഉദ്ദേശ്യം. തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് നമ്മുടേത്. കയ്യൂക്കുള്ളവന്‍ കാര്യക്കാരനാവുന്നത് ഭരണകൂടം അവര്‍ക്ക് അനുകൂലമായി നില്‍ക്കുന്നതുകൊണ്ടാണ്. സാധാരണ തൊഴിലാളികള്‍ക്ക് നമ്മുടെ ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഭരണഘടനയിലും കോടതിയിലുമൊക്കെയുള്ള അവിശ്വാസം സിപിഎം നേതാക്കള്‍ പലപ്പോഴും പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളതാണ്. പാര്‍ട്ടി ആചാര്യനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിനുപോലും ഇക്കാര്യത്തില്‍ കോടതി കയറേണ്ടിവരികയും, പിഴയടച്ച് രക്ഷപ്പെടേണ്ടിവരികയും ചെയ്തിട്ടുണ്ട്. പാലൊളി മുഹമ്മദ് കുട്ടി, എം.വി. ജയരാജന്‍ എന്നിങ്ങനെയുള്ള നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ മാപ്പു പറയേണ്ടി വന്നിട്ടുള്ളതാണ്. ഇതുപോലെ ഭരണഘടനയോടുള്ള സഹജമായ വിദ്വേഷമാണ് മന്ത്രി സജി ചെറിയാനില്‍നിന്നും പുറത്തുവന്നിട്ടുള്ളത്. അത് അടിമുടി നിയമവിരുദ്ധമാണ്.
കേസില്‍ പുനരന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി, ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വലിയ പാളിച്ചകളാണ് സംഭവിച്ചിട്ടുള്ളത്. കൃത്യമായ മൊഴി രേഖപ്പെടുത്തുകയോ വേണ്ട തെളിവുകള്‍ ശേഖരിക്കുകയോ ചെയ്തില്ല. വേദിയില്‍ ഉണ്ടായിരുന്നവരുടെ മൊഴികള്‍ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തുടങ്ങി അന്വേഷണത്തിലെ പാളിച്ചകള്‍ അക്കമിട്ടു നിരത്തിയാണ് കോടതി ഉത്തരവ്. അവിടെ സന്നിഹിതരായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒട്ടേറെ പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിരുന്നില്ല എന്ന കോടതി നിരീക്ഷണവും പ്രസക്തമാണ്.
ഹൈക്കോടതിയുടെ ഉത്തരവ് പരിശോധിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന മന്ത്രി സജി ചെറിയാന്റെ നിലപാടും ഭരണഘടനാ ലംഘനം തന്നെയാണ്. ധാര്‍മികപരമായ ഒരു പ്രശ്നവുമില്ലെന്ന് അദ്ദേഹം പറയുന്നത് എന്തുവന്നാലും മന്ത്രിസ്ഥാനത്ത് കടിച്ചു തൂങ്ങുമെന്നുതന്നെയാണ് വ്യക്തമാക്കുന്നത്. ഭരണഘടനയെ അവഹേളിച്ചുള്ള പരാമര്‍ശത്തില്‍ അദ്ദേഹത്തിന് ഒട്ടും മനഃസ്താപം ഉണ്ടാകുന്നില്ല. ഇങ്ങനെയൊരാള്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് പവിത്രമായ ഭാരത ഭരണഘടനയെ അവഹേളിക്കലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: