പനാജി: ഒടിടി മേഖലയില്‍ തരംഗം തീര്‍ത്ത് പ്രസാര്‍ഭാരതിയുടെ ആപ് വേവ്സ്. ദൂരദര്‍ശന്‍ ക്ലാസിക്കുകള്‍ ഇനി ഒരുവിരല്‍ത്തുമ്പില്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാക്കാന്‍ പുതിയ ആപ് സഹായിക്കും.
തത്സമയ വാര്‍ത്താ ബുള്ളറ്റിനുകളുമായി ലൈവ് ടിവിയും സിനിമകളും റേഡിയോ സംപ്രേഷണവും വെബ് സീരിസുകളുമെല്ലാം വേവ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇ ബുക്ക്, ഷോപ്പിങ്, ഗെയിംസ് എന്നിവയ്‌ക്കും ആപ്പില്‍ വിഭാഗങ്ങളുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ്, മറാഠി, ആസാമീസ് തുടങ്ങി 12 ഭാഷകളിലാണ് ആപ്പ് തയാറാക്കിയത്. 65 ലൈവ് ടിവി ചാനലുകളും ആപ്പിലൂടെ ലഭ്യമാണ്. വേവ്സ്-കുടുംബാഘോഷത്തിന്റെ പുതിയ ആവേശം എന്ന ടാഗ് ലൈനോടെ അവതരിപ്പിച്ച ആപ്പിന് സാമൂഹ്യമാധ്യമങ്ങളിലും വലിയ പിന്തുണ ലഭിച്ചു. ആന്‍ഡ്രോയിഡ്, ഐ ഫോണ്‍ വേര്‍ഷനുകളില്‍ ആപ്പ് ലഭ്യമാണ്.
കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കുമെല്ലാം ഇഷ്ടപ്പെടുന്ന ആപ്പ് രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുമെന്ന് പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവനീത് കുമാര്‍ സെഹ്ഗാള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ സംരംഭങ്ങളുടെ തുടര്‍ച്ചയാണ് വേവ്സ് ഒടിടി എന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് സെക്രട്ടറി സഞ്ജയ് ജാജു പറഞ്ഞു. ഗോവന്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ആപ്പിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക