Football

ഐ ലീഗ് സീസണിന് ഇന്ന് തുടക്കം: കിക്കോഫ് പോരില്‍ ഗോകുലവും ശ്രീനിധിയും

Published by

ഹൈദരാബാദ്: ഐ ലീഗ് ഫുട്‌ബോള്‍ സീസണിന് ഇന്ന് തുടക്കം. ഹൈദരാബാദിലെ ഡെക്കാന്‍ അരീനയില്‍ ആതിഥേയരായ ശ്രീനിധി ഡെക്കാനും ഗോകുലം കേരളയും തമ്മിലുള്ള പോരാട്ടമാണ് കിക്കോഫ് മത്സരം. ലീഗിന്റെ 18-ാം പതിപ്പാണ് ഇത്. ജേതാക്കള്‍ ഐഎസ്എലിലേക്ക് യോഗ്യരാകുന്ന കഴിഞ്ഞ രണ്ട് സീസണുകളില്‍ തുടര്‍ന്നുവരുന്ന രീതി ഇത്തവണയും ആവര്‍ത്തിക്കും.

ആകെ 12 ടീമുകളാണ് ഇത്തവണയും ഉള്ളത്. സ്‌പോര്‍ട്ടിങ് ബെംഗളൂരു, ഡെംപോ ക്ലബ്ബുകള്‍ക്ക് ഐ ലീഗ് രണ്ടില്‍ നിന്നും സ്ഥാനക്കയറ്റം കിട്ടിയെത്തിയിട്ടുണ്ട്. അതേസമയം നെരോക്ക ഫെ്‌സി, ട്രാവു ടീമുകള്‍ ഐ ലീഗ് രണ്ടിലേക്ക് പിന്‍മാറ്റം ചെയ്യപ്പെട്ടു. നിലവിലെ ജേതാക്കളായ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് ഇത്തവണ ഐഎസ്എലിലേക്ക് പ്രവേശനം നേടി. രണ്ട് വര്‍ഷം മുമ്പ് തുടക്കമിട്ട ഈ രീതിയുടെ ഭാഗമായി ആദ്യമായി ഐഎസ്എലിലേക്ക് പ്രവേശനം ലഭിച്ച ടീം കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ പഞ്ചാബ് എഫ്‌സി ആണ്.

ഇന്ന് വൈകീട്ട് നാലിന് ശ്രീനിധിക്കെതിരെ ഇറങ്ങുന്ന ഗോകുലം കേരള എഫ്‌സി പുതിയ പരിശീലകന്‍ ആന്റോണിയോ റുവേഡ ഫെര്‍ണാണ്ടസിന് കീഴിലാണ് ഇറങ്ങുക. കഴിഞ്ഞ മൂന്ന് മാസമായി മഞ്ചേരി സ്റ്റേഡിയത്തില്‍ ടീം പരിശീലനത്തിലായിരുന്നു. ഇടക്കാല പരിശീലകന്‍ സരീഫ് ഖാനെ മാറ്റിയാണ് സ്ഥിരം മാനേജരായി സ്‌പെയിനില്‍ നിന്നുള്ള ആന്റോണിയോ റുവേഡയെ നിയമിച്ചത്. മുന്‍പ് തുടര്‍ച്ചയായി രണ്ട് സീസണുകളില്‍ ജേതാക്കളായ ഗോകുലം കേരള കഴിഞ്ഞ രണ്ട് വര്‍ഷമായി വലിയ മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.

കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ടീം ആണ് ഇന്ന് ഗോകുലത്തെ എതിരിടാനിറങ്ങുന്ന ശ്രീനിധി ഡെക്കാന്‍. പോര്‍ച്ചുഗലില്‍ നിന്നുള്ള റൂയി അമോറിം ആണ് ശ്രീനിധിയുടെ പുതിയ പരിശീലകന്‍. കഴിഞ്ഞ സീസണില്‍ പരിശീലിപ്പിച്ച മറ്റൊരു പോര്‍ച്ചുഗീസ് കോച്ച് കാര്‍ലോസ് വാസ് പിന്റോ ഇക്കുറി നാട്ടില്‍ തന്നെയുള്ള മാഫ്ര ക്ലബ്ബുമായി സൈണ്‍ ചെയ്തു. തുടര്‍നെത്തിയ സ്പാനിഷ് പരിശീലകന്‍ ഡോമിങോ ഓറാമസിനെ പുറത്താക്കിയാണ് റൂയി അമോറിമിന് അവസരം നല്‍കിയിരിക്കുന്നത്.

ഇന്ന് രാത്രി ഏഴിന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്റര്‍ കാശിയും സ്‌പോര്‍ട്ടിങ് ക്ലബ്ബ് ബെംഗളൂരുവും ഏറ്റുമുട്ടും. ഇന്റര്‍ കാശിയുടെ തട്ടകമായ വാരാണസിയിലാണ് മത്സരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by