കോട്ടയം: സിപിഎം പാലാ ഏരിയ സമ്മേളനത്തില്‍ കരുതല്‍ പാലിച്ച് നേതൃത്വം. കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനത്തില്‍ ഉണ്ടായതുപോലെ വോട്ടെടുപ്പ് ഒഴിവാക്കാനുള്ള ശ്രമം അവസാനഘട്ടത്തില്‍ വിജയിക്കുകയും ചെയ്തു . വിമര്‍ശകരെ ഒതുക്കാനും വിഭാഗീയത പുറത്തറിയാതിരിക്കാനുമുള്ള മുന്‍കരുതലുകള്‍ പാര്‍ട്ടി എടുത്തിരുന്നു. പതിവില്‍ നിന്ന് വിരുദ്ധമായി ജില്ലാ നേതൃത്വം ഒട്ടാകെ സമ്മേളനത്തില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരികുമാറിനെ ഉദ്ഘാടകനായി നിശ്ചയിച്ചത് മാറ്റി സംസ്ഥാന സമിതി അംഗം അനില്‍കുമാറിനെ ഉദ്ഘാടകനാക്കിയതും കരുതലിന്റെ ഭാഗമാണ്. നിലവിലുള്ള സെക്രട്ടറി പി എം ജോസഫ് നോടുള്ള വിയോജിപ്പ് പല ഘട്ടങ്ങളിലും പ്രാദേശിക നേതാക്കള്‍ പ്രകടിപ്പിച്ചിരുന്നു. വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ലോക്കല്‍ സെക്രട്ടറി കെ ആര് അജിയെ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്നതാണ് ജോസഫിനോടുള്ള എതിര്‍പ്പിന് പിന്നില്‍. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളുടെ മുനയൊടിക്കുകയെന്ന ലക്ഷ്യത്തോടെ ജോസഫിനെത്തന്നെ സെക്രട്ടറിയായി സമ്മേളനം തിരഞ്ഞെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തേണ്ടതിനാല്‍ ക്രൈസ്ത ഭൂരിപക്ഷ മേഖലയില്‍ ജോസഫിനെപ്പോലെ ഒരാളെ മാറ്റുന്നത് ബുദ്ധിയല്ലെന്ന് ജില്ലാ നേതൃത്വം വിലയിരുത്തുകയും ചെയ്തു.
പാലാ നഗരസഭയില്‍ സഖ്യ കക്ഷിയായ കേരള കോണ്‍ഗ്രസ് മാണി വിഭാഗമായുള്ള ചേരിപ്പോര് സമ്മേളനത്തില്‍ ചര്‍ച്ചയായി. പാര്‍ട്ടിക്ക് ഈ ജന്മത്തില് കിട്ടുമായിരുന്ന നഗരസഭാ ചെയര്മാന് പദവി മാണി വിഭാഗമാണ് തല്ലിക്കൊടുത്തിയത്. ഇതിന്റെ പേരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച ഏക കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം പരസ്യമായി പ്രതിഷേധിക്കുകയും ജോസ് കെ മാണിക്ക് എതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു.ഇത് ബിനു പുളിക്കക്കണ്ടത്തിന്റെ പുറത്താക്കലില്‍ പോലും കലാശിച്ചു. പ്രശ്നം രമ്യമായി പരിഹരിക്കേണ്ടതായിരുന്നു എന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷാഭിപ്രായം. പാലായില്‍ ഇപ്പോഴും കേരള കോണ്‍ഗ്രസ് മാണി വിഭാഗക്കാരുടെ ചെല്ലം പിടിച്ച് നടക്കേണ്ട ഗതികേടില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: