കുന്നംകുളം: വയനാട് ചൂരല്‍ മല, മുണ്ടക്കൈ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കുന്നതിനായി 3 മാസം മുന്‍പാണ് 10 ലക്ഷം രൂപ നല്കാന് സിപിഎം ഭരിക്കുന്ന കുന്നംകുളം നഗരസഭ തീരുമാനിച്ചത്.
കൗണ്‍സിലര്‍മാരുടെ ഓണറേറിയത്തില്‍ നിന്നും, ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും, കുടുംബശ്രീ പ്രവര്‍ത്തകരും സുഭിക്ഷ കാന്റീനില്‍ നിന്നും നല്കുന്ന സംഭാവനയും ബാക്കി തുക തനതു ഫണ്ടില്‍ നിന്നും ചേര്‍ത്ത് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമെന്നാണ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം എടുത്തത്.
എന്നാല്‍ മൂന്നു മാസമായിട്ടും തുക നല്‍കാത്തതില്‍ നഗരസഭക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍ ലബീബ് ഹസ്സനാണ് വിഷയം ഉന്നയിച്ചത്. മൂന്ന് മാസം മുന്‍പ് ലബീബ് ഹസ്സന് നല്കിയ 9600 രൂപയുടെ ചെക്ക് പോലും നഗരസഭ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയില്ല. ഇക്കാര്യം ലബീബ് ചോദ്യം ചെയ്തു. ഇതിനു കൃത്യമായി മറുപടി നല്കാന് ഭരണ സമിതിക്ക് കഴിഞ്ഞില്ല. ചെയര്‍മാന്റെ മറുപടിയില്‍ തൃപ്തിയില്ലാത്തതിനാല്‍ സെക്രട്ടറി മറുപടി പറയണമെന്ന് ലബീബ് ആവശ്യപ്പെട്ടു.
എന്നാല്‍ ഭരണ കക്ഷിയില്‍ പെട്ട ആരും തന്നെ ചെയര്‍പേഴ്സനെ സഹായിക്കാന്‍ രംഗത്ത് വന്നില്ല. തനത് ഫണ്ട് കുറവായതിനാലാണ് ഫണ്ട് നല്കാന് വൈകിയതെന്നും അടുത്ത ആഴ്ച തന്നെ മുഴുവന്‍ ഫണ്ടും നല്‍കുമെന്നും നഗരസഭാ സെക്രട്ടറി കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.
ലബീബ് നല്കിയ ചെക്കിന്റെ കാലാവധി കഴിഞ്ഞതിനാല്‍ പുതിയ ചെക്ക് നല്‍കണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു. കുന്നംകുളത്ത് ഏഴ് മാസമായി അടഞ്ഞുകിടക്കുന്ന നഗരസഭ ക്രിമിറ്റോറിയം ഈ ആഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന നഗരസഭയുടെ ഉറപ്പും പാഴ്വാക്കായി. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാന്‍ വൈകിപ്പിക്കുന്ന ഭരണ നേതൃത്വത്തെ കൗണ്‍സില്‍ യോഗത്തില്‍ കടുത്ത ഭാഷയില്‍ നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കൂടിയായ ടി.സോമശേഖരന്‍ വിമര്‍ശിച്ചു. നഗരസഭയില്‍ ഇപ്പോള്‍ ഒന്നും നടക്കുന്നില്ലെന്നും താന്‍ കൂടി ഉള്‍പ്പെട്ട ഭരണസമിതി തികഞ്ഞ പരാജയമാണെന്നും സോമശേഖരന്‍ സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: