Samskriti

അറിവിനെ ഉപാസിക്കാന്‍ വേദക്ഷേത്രം

Published by

വൈദിക സാഹിത്യത്തെ ആധാരമാക്കിയാണ് ഭാരതീയ ക്ഷേത്ര സങ്കല്‍പ്പങ്ങള്‍ രൂപം പ്രാപിച്ചത്. ക്ഷേത്രങ്ങളില്‍ എല്ലാവിധ കര്‍മ്മങ്ങള്‍ക്കും ഉപയോഗിക്കുന്നതാകട്ടെ വേദമന്ത്രങ്ങളും. വേദങ്ങളില്ലെങ്കില്‍ ക്ഷേത്രങ്ങളില്ല എന്നതാണ് വാസ്തവം. ചെറുതും വലുതുമായ എല്ലാ ക്ഷേത്രങ്ങള്‍ക്കും ചൈതന്യം പകരുന്ന വേദങ്ങള്‍ക്ക് മാത്രമായി വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളു. അതിലൊന്നാണ് കോഴിക്കോട് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന വേദക്ഷേത്രം.

ജാതിഭേദമന്യേ സര്‍വരെയും വേദം അഭ്യസിപ്പിക്കുന്ന കാശ്യപാശ്രമത്തോട് ചേര്‍ന്നാണ് അപൂര്‍വമായ വേദക്ഷേത്രം സ്ഥിതിചെയ്യുന്നത്. വേദവിവര്‍ത്തനങ്ങളല്ല ദേവനാഗരി ലിപിയില്‍ മുദ്രണം ചെയ്ത നാലു വേദങ്ങളുടെയും മൂലസംഹിതകളും ലഭ്യമായ ശാഖാസംഹിതകളും ഉള്‍പ്പെടുന്ന ശബ്ദവേദത്തെയാണ് വേദക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. വേദങ്ങള്‍ക്ക് മാത്രമായാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. ആചാര്യശ്രീ രാജേഷ് ആണ് കാശ്യപാശ്രമത്തിന്റെ കുലപതി.

നാരായണഗുരുദേവന്‍ നടത്തിയ കണ്ണാടിപ്രതിഷ്ഠ പോലെയോ അമ്മ നടത്തിയ ബ്രഹ്മസ്ഥാനപ്രതിഷ്ഠ പോലെയോ തന്നെ ധാര്‍മ്മികവും സാമൂഹികവും ചരിത്രപരവുമായ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഈ വേദപ്രതിഷ്ഠയും. വേദങ്ങളെ പൂജിക്കുകയും പഠിക്കുകയും അനുധാവനം ചെയുകയും ചെയ്യുന്ന ഒരു തലമുറ ഉണ്ടായി വരുന്നതിലൂടെ വേദങ്ങള്‍ കൂടുതല്‍ സമാജോന്മുഖമാവുകയും സമാജം കൂടുതല്‍ വേദാധാരിതമാവുകയുമാണ് ചെയ്യുന്നത്.

അറിവിനെ ഭാരതീയര്‍ എക്കാലത്തും മുഖ്യമായി കണ്ടിരുന്നു. അറിവാകുന്ന പ്രകാശത്തില്‍ ആനന്ദിക്കുന്നവരുടെ നാട് എന്നാണ് ഭാരതം എന്ന വാക്കിന്റെ പോലും അര്‍ഥം. നാനാകോണുകളില്‍ നിന്നും ആളുകള്‍ സ്വധര്‍മത്തെ ഗ്രഹിക്കാനായി അറിവിന്റെ നാടായ ഭാരതത്തിലേക്ക് വരാറുണ്ടായിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഒരു കാലത്തു വിശ്വഗുരുവായി പ്രകീര്‍ത്തിക്കപ്പെട്ടിരുന്ന ഭാരതം പിന്നീട് അറിവിന്റെ കാര്യത്തില്‍ പുറകോട്ട് നീങ്ങുകയായിരുന്നു. മുഗള്‍, ബ്രിട്ടീഷ് അധിനിവേശത്തെ തുടര്‍ന്ന് വൈദിക പഠനം നിലച്ചതോടെയാണ് അങ്ങനെയൊരു ദുരവസ്ഥ ഉടലെടുത്തത്. ഇവിടെയാണ് വൈദിക പഠനത്തിനുംവൈദിക ക്രിയകള്‍ക്കും പ്രാധാന്യം നല്‍കുന്ന വേദക്ഷേത്രത്തിന്റെ പ്രസക്തി.

വേദപാഠിയായ പുരോഹിതന്‍ വേദമന്ത്രങ്ങളെ സ്വരസഹിതം ഇവിടെ പാരായണം ചെയ്യുന്നു. കൂടാതെ വേദങ്ങളെക്കുറിച്ചും വേദപ്രാമാണികതയെ കുറിച്ചും സനാതനധര്‍മത്തിന്റെ നിത്യനൈമിത്തിക ആചരണങ്ങളെക്കുറിച്ചുമെല്ലാം വിവരിക്കുന്ന പ്രദര്‍ശിനികളും വേദക്ഷേത്രത്തില്‍ കാണാം. അധിക പഠനത്തിന് വൈദികഗ്രന്ഥങ്ങളും ഇവിടെ ലഭിക്കുന്നു. അറിവിനാണ് ഈ വേദക്ഷേത്രത്തില്‍ മുന്‍ഗണന.

കഴിഞ്ഞ ഇരുപതു വര്‍ഷക്കാലം കൊണ്ട് കേരളത്തില്‍ മുഖ്യമായും, മറ്റു സംസ്ഥാനങ്ങളിലും ഏതാനും ചില രാജ്യങ്ങളിലും ചെറുതല്ലാതെയും കാശ്യപാശ്രമത്തിന്റെ വേദാധ്യാപനപ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടക്കുന്നുണ്ട്. ജാതിഭേദവും ലിംഗവ്യത്യാസവുമില്ലാതെ സന്ധ്യാവന്ദനവും അഗ്നിഹോത്രവും ചെയ്യുന്ന ഒരു വേദോന്മുഖസമാജത്തെ ഈ ചെറിയ കാലയളവില്‍ തന്നെ സൃഷ്ടിച്ചെടുക്കാന്‍ കാശ്യപാശ്രമത്തിന് സാധിച്ചിട്ടുണ്ട്.

മലബാറിലെ ആദ്യ സോമയാഗവു, ദേശീയ വൈദികസംഗവും വേദാവകാശ പ്രഖ്യാപനവും അഗ്നിപ്രതിഷ്ഠാപനവും 1008 പേരുടെ സാമൂഹിക അഗ്നിഹോത്രവും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനകം കാശ്യപാശ്രമം നേതൃത്വം നല്‍കിയിരുന്നു.

മനുര്‍ഭവ, ജനയാ ദൈവ്യം ജനം

ജാതി, മതം, ലിംഗഭേദം, പ്രായവ്യത്യാസം ഇങ്ങനെ എന്തെല്ലാം ഭേദങ്ങള്‍ മനുഷ്യന്‍ കല്പിച്ചതോ അല്ലാത്തതോ ആയി സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടോ ആ സര്‍വഭേദങ്ങള്‍ക്കും ഉപരിയായി വേദക്ഷേത്രത്തില്‍ ഉപാസകര്‍ ഒരുമിക്കുന്നു. കാരണം വേദം സംസാരിക്കുന്നത് മനുഷ്യനോടാണ്. ‘മനുര്‍ഭവ, ജനയാ ദൈവ്യം ജനം’ എന്നതാണ് വേദത്തിന്റെ ഉപദേശം. മനുഷ്യനാകൂ, ദിവ്യഗുണങ്ങളെ വളര്‍ത്തൂ എന്നര്‍ത്ഥം.

വേദമന്ത്രങ്ങള്‍ തവള കരച്ചില്‍ പോലെയാണെന്നും ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു എന്നും മറ്റുമുള്ള അന്ധവിശ്വാസങ്ങള്‍ ഹൈന്ദവ നവോത്ഥാനത്തിന് ഏല്പിച്ച ആഘാതങ്ങള്‍ ചെറുതല്ല. അത്തരം വിശ്വാസങ്ങള്‍ കൈവെടിയപ്പെട്ടു കഴിഞ്ഞ ഇക്കാലത്ത് സാമൂഹവും വൈയക്തികവുമായ പുരോഗതിക്ക് വൈദിക സാഹിത്യമടക്കമുള്ള ആര്‍ഷജ്ഞാന പാരമ്പര്യത്തിന് കാര്യമായിത്തന്നെ സംഭാവനകള്‍ നല്‍കാന്‍ കഴിയും എന്ന് ഇന്ന് വിശ്വസിക്കപ്പെടുന്നുണ്ട്.

നിത്യേനെയെന്നോണം ദിവ്യസൂക്ത പാരായണം

കച്ചവടം ചെയ്യുന്നവര്‍ക്കുള്ള വാണിജ്യസൂക്തവും, കൃഷി ചെയ്യുന്നവര്‍ക്കുള്ള കൃഷിസൂക്തവും, വൈദ്യവൃത്തി ചെയ്യുന്നവര്‍ക്കുള്ള ഭൈഷജ്യസൂക്തവും, കെട്ടിട നിര്‍മാണം ചെയ്യുന്നവര്‍ക്കുള്ള വാസ്‌തോഷ്പതി സൂക്തവും, എല്ലാ വിധ നിര്‍മാണ പ്രവര്‍ത്തികളിലും ഏര്‍പ്പെടുന്നവര്‍ക്കുള്ള വിശ്വകര്‍മ്മ സൂക്തവും, അധ്യാപകര്‍ക്കും വിദ്യര്‍ത്ഥികള്‍ക്കുമുള്ള ബ്രഹ്മചര്യ സൂക്തവും, ശ്രദ്ധാസൂക്തവും സരസ്വതീസൂക്തവും മേധാസൂക്തവും ഇവിടെ പാരായണം ചെയ്യപ്പെടുന്നു.

എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന അനേകമനേകം വേദമന്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ടുള്ള വൈദിക ക്രിയകളും ഇവിടെ ദിവസവും അനുഷ്ഠിക്കപ്പെടുന്നുണ്ട്. മനുഷ്യസമൂഹത്തിന്റെ സര്‍വ്വതോമുഖമായ വികാസവും പുരോഗതിയും ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് വൈദിക മന്ത്രങ്ങളെല്ലാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക