ഭാരതത്തിന്റെ ഏറ്റവും വലിയ ചലച്ചിത്ര ഉത്സവമായ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ 55ാം പതിപ്പിന് 20 ന് ഗോവയില്‍ തുടക്കമായി. പ്രദര്‍ശനങ്ങള്‍, സാംസ്‌കാരിക വിനിമയം, പുതിയ ചലച്ചിത്രങ്ങള്‍, മാസ്റ്റര്‍ ക്ലാസുകള്‍, സെമിനാറുകള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവയുടെ സജീവ വേദിയായി ഗോവ മാറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിനിമകള്‍, ഇന്ത്യന്‍ പ്രാദേശിക സിനിമകള്‍, റെട്രോസ്പെക്ടീവ്, ഡോക്യുമെന്ററികള്‍ തുടങ്ങി കാഴ്ചയുടെ പൂരമാണ് സിനിമാ പ്രേമികള്‍ക്ക് നവംബര്‍ 28 വരെ ഗോവ സമ്മാനിക്കുന്നത്.
ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അംഗീകാരം ലഭിച്ച ദക്ഷിണേഷ്യയിലെ ഏക ചലച്ചിത്ര മേളയാണ് ഐഎഫ്എഫ്ഐ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ.
ചലച്ചിത്ര പ്രവര്‍ത്തകര്‍, സിനിമാ ആസ്വാദകര്‍, വ്യവസായ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് ലോക സിനിമയെ അടുത്തറിയാന്‍ ഒരൊറ്റ പ്ലാറ്റ്ഫോം നല്‍കുക എന്ന ലക്ഷ്യത്തോടെ 1952 ല്‍ തുടക്കം കുറിച്ചതാണ് ഐഎഫ്എഫ്ഐ. ലോകമെമ്പാടുമുള്ള അതിമനോഹരമായ സിനിമകള്‍ മേളയില്‍ എത്താറുണ്ട്. സാംസ്‌കാരികമായും സൗന്ദര്യപരമായും ശ്രദ്ധേയമായ ലോക സിനിമകള്‍ ഭാരതീയര്‍ക്ക് അനുഭവപ്പെടുത്തിയത് ഈ ചലച്ചിത്രമേളയാണ്. ചലച്ചിത്ര വ്യവസായവുമായി ബന്ധപ്പെട്ട പ്രമുഖ അംഗങ്ങള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത അന്താരാഷ്‌ട്ര സിനിമകള്‍ പ്രദര്‍ശിപ്പിച്ച് ചലച്ചിത്രകലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്നതിലൂടെ ഐഎഫ്എഫ്ഐ അതിന്റെ മഹത്വം നിലനിര്‍ത്തിയിരുന്നു.
രണ്ടു വര്‍ഷം കൂടുമ്പോള്‍ രാജ്യത്തിന്റെ പല സ്ഥലങ്ങളിലായി നടത്തിയിരുന്ന അന്താരാഷ്‌ട്ര ചലച്ചിത്ര മേള 2004 മുതല്‍ ഗോവയിലെ സ്ഥിരമായ വേദിയിലേക്ക് മാറി. ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ഗോവ സര്‍ക്കാര്‍ എന്നിവര്‍ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. സംവിധായകര്‍, നടന്മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ നടക്കുന്ന മേള ലോക സിനിമയുടെ വിവിധ ഘടകങ്ങളെ വിലയിരുത്തുന്ന സജീവ വേദിയാണ്.
‘യുവ ചലച്ചിത്ര പ്രവര്‍ത്തകര്‍ – ഇപ്പോഴാണു ഭാവി’ എന്ന പ്രമേയം ഈ വര്‍ഷത്തെ ചലച്ചിത്ര മേളയെ ശ്രദ്ധേയമാക്കുന്നു. ലോക സിനിമാ വിഭാഗത്തില്‍ ലോകമെമ്പാടുമുള്ള ചലച്ചിത്രങ്ങളില്‍ നിന്നുള്ള സൗന്ദര്യശാസ്ത്രത്തിന്റെയും ആഖ്യാനങ്ങളുടെയും അമ്പരപ്പിക്കുന്ന വൈവിധ്യം സമഗ്രമായി മനസിലാക്കുന്നതിന് ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രങ്ങളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ കുതിച്ചു ചാട്ടം ഉണ്ടായിട്ടുണ്ട്. ബ്രീട്ടീഷ് പോപ്പ് താരം റോബി വില്യംസിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന മൈക്കല്‍ ഗ്രേസിയുടെ ഓസ്ട്രേലിയന്‍ ചിത്രമായ ബെറ്റര്‍ മാന്റെ ഏഷ്യാ പ്രീമിയറോടെയാണ് മേള ആരംഭിച്ചത്. 81 രാജ്യങ്ങളില്‍ നിന്നുള്ള 180-ലധികം അന്താരാഷ്‌ട്ര സിനിമകള്‍ ഐ എഫ് എഫ് ഐ 2024 ല്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വനിതാ സംവിധായകരുടെ 47 സിനിമകളും യുവ-നവാഗത സംവിധായകരുടെ 66 സൃഷ്ടികളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രേലിയയാണ് കണ്‍ട്രി ഓഫ് ഫോക്കസ്. അസാധാരണമായ കഥപറച്ചില്‍ രീതി കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ ഓസ്ട്രേലിയന്‍ സംവിധായകനായ ഫിലിപ്പ് നോയ്സിന് സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിക്കും.
മേളയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ സുവര്‍ണ്ണമയൂരത്തിനായി 12 അന്താരാഷ്‌ട്ര സിനിമകള്‍ ഉള്‍പ്പടെ 15 സിനിമകള്‍ മത്സരരംഗത്തുണ്ട്.
ഭാരതത്തിന്റെ സമ്പന്നമായ സംസ്‌കാരവും ഭാഷാപരവുമായ വൈവിധ്യവും പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 25 ഫീച്ചര്‍ ഫിലിമുകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളും പ്രദര്‍ശിപ്പിക്കും. ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും ആടു ജീവിതം, ലെവല്‍ക്രോസ്, ഭ്രമയുഗം എന്നിവ പ്രദര്‍ശനത്തിനുണ്ട്. മുഖ്യധാര സിനിമാ വിഭാഗത്തില്‍ മഞ്ഞുമ്മല്‍ ബോയ്‌സും ഇടം നേടിയിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള യുവ ചലച്ചിത്ര നിര്‍മ്മാണ പ്രതിഭകളെ അംഗീകരിക്കുന്നതിനായി ഒരു പുതിയ പുരസ്‌കാര വിഭാഗം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച ഇന്ത്യന്‍ നവാഗത സംവിധായകന് സര്‍ട്ടിഫിക്കറ്റും 5 ലക്ഷം രൂപയും പുരസ്‌കാരമായി നല്‍കും.
ചലച്ചിത്ര പ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ സൃഷ്ടിപരമായ കഴിവ് തെളിയിച്ച യുവ മനസ്സുകളെ തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും വളര്‍ത്തിയെടുക്കാനും ലക്ഷ്യം വച്ചുള്ള ‘ക്രീയേറ്റീവ് മൈന്‍ഡ്സ് ഓഫ് ടുമോറോ’ ഈ മേളയുടെയും പ്രത്യേകതയാണ്. ക്രിയാത്മകമായി സിനിമാ നിര്‍മ്മാണം ആഗ്രഹിക്കുന്ന 100 യുവപ്രതിഭകള്‍ക്കാണ് ഇത്തവണ അന്താരാഷ്‌ട്ര ചലച്ചിത്ര മേള അവസരം നല്കുന്നത്. ഇവര്‍ക്കായി ചലച്ചിത്ര മേഖലയിലെ പ്രഗത്ഭര്‍ അണിയിച്ചൊരുക്കിയ പ്രൊഫഷണല്‍ ക്ലാസുകളും, മുന്‍നിര കമ്പനികളുടെ സഹായത്തോടുകൂടി സജ്ജമാക്കുന്ന ‘ടാലന്റ് ക്യാമ്പും’ ഉണ്ടായിരിക്കും.
ലോകമെമ്പാടുമുള്ള ചലച്ചിത്ര നിര്‍മ്മാതാക്കള്‍, സംവിധായകര്‍, സെയില്‍സ് ഏജന്റ്മാര്‍ എന്നിവര്‍ക്ക് മികവ് തെളിയിച്ചവരുമായും സാമ്പത്തിക പങ്കാളികളുമായും കൂടിക്കാഴ്ച നടത്താനുള്ള മികച്ച പശ്ചാത്തലമൊരുക്കുന്ന ഫിലിം ബസാറില്‍ 300 ലേറെ അന്താരാഷ്‌ട്ര ചലച്ചിത്ര പ്രോജക്ടുകളാണ് നിര്‍മ്മാണം, വിതരണം, വില്‍പ്പന തുടങ്ങിയവ ലക്ഷ്യമിട്ട് പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. കഥ പറച്ചിലിന്റെ നിരവധി സാധ്യതകള്‍ പരിശോധിക്കുന്നതിനു സഹായിക്കത്തക്ക വിധത്തില്‍ ഈ മേഖലയിലെ ഏറ്റവും പുതിയ സംരംഭങ്ങള്‍ സംബന്ധിച്ച് ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് അറിവ് സമ്മാനിക്കാന്‍ ഫിലിം ബസാറില്‍ പ്രത്യേക സൗകര്യം ഉണ്ടാകും.
ചലച്ചിത്രപരമായ മികവ് പ്രദര്‍ശിപ്പിക്കുന്നതിനുള്ളു വേദി മാത്രമല്ല ഐഎഫ്എഫ്ഐ. അത് സാംസ്‌കാരിക വൈവിധ്യത്തിന്റെ ആഘോഷം കൂടിയാണ്. മേളയില്‍ രജിസ്റ്റര്‍ ചെയ്യാത്ത പ്രാദേശിക നിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരമാണ് സിനിമേള. തുറന്ന വേദികളിലെ പ്രദര്‍ശനങ്ങള്‍, ഗോവ കാര്‍ണിവല്‍, സെല്‍ഫി പോയിന്റുകള്‍ തുടങ്ങിയവ ലോകത്തിനായി ഭാരതം അണിയിച്ചൊരുക്കുന്ന ഏറ്റവും വലിയ സാംസ്‌കാരിക ആഘോഷങ്ങളില്‍ ഒന്നായി ഐഎഫ്എഫ്ഐയെ മാറ്റും.
ആഗോള-ഇന്ത്യന്‍ ചലച്ചിത്ര മികവിന്റെ സംയോജനമായ മേള നവീകരണത്തിന്റെയും തൊഴിലിന്റെയും സാംസ്‌കാരിക നയതന്ത്രത്തിന്റെയും ശക്തികേന്ദ്രമായി ഭാരതത്തിന്റെ സര്‍ഗാത്മക സമ്പദ് വ്യവസ്ഥയ്‌ക്ക് അടിവരയിടുമെന്ന് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്‌ക്ക് ചുക്കാന്‍ പിടിക്കുന്ന കേന്ദ്ര വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്ണവ് പറയുന്നു. നൂതനാശയങ്ങള്‍ സൃഷ്ടിക്കുകയും സഹകരിക്കുകയും തടസങ്ങളില്ലാതെ സൃഷ്ടി നടത്തുകയും ചെയ്യുന്നവരുടേതാണ് ഭാവി. ഭാരതത്തിന്റെ ഭാവിയുടെ നേര്‍ക്കാഴ്ചകള്‍ ഗോവ മേളയില്‍ കണ്ടെത്താനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക