ശ്രീനഗര്‍: കശ്മീരിനെ ദല്‍ഹിയുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരത് ട്രെയിനിന്റെ സര്‍വീസിന് ഉടന്‍ തുടക്കമിടുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്‌നീത് സിങ്. 2025 ജനുവരിയില്‍ കശ്മീര്‍ താഴ്‌വരയെ ദല്‍ഹിയുമായി ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്കില്‍ കശ്മീരിനെ ദല്‍ഹിയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ സര്‍വീസ്. വിവിധ പദ്ധതികള്‍ക്കായി പ്രധാനമന്ത്രി ജനുവരിയില്‍ കശ്മീര്‍ സന്ദര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സൗകര്യവും പരിശോധിച്ച ശേഷം ഉദ്ഘാടനത്തിന്റെ തീയതി തീരുമാനിക്കും. ഡിസംബറോടെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തീകരിക്കും. സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് എല്ലാ ഘട്ടങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. ഭൂമി എറ്റെടുക്കല്‍ ഉള്‍പ്പടെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനായി കശ്മീര്‍ താഴ്‌വരയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ നടപ്പിലാക്കി കഴിഞ്ഞു. വന്ദേഭാരത് ടൂറിസം മേഖലയ്‌ക്കും മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് റെയില്‍ പാലത്തിലൂടെയും വന്ദേഭാരത് കടന്നുപോകും. പദ്ധതിക്കായുള്ള 272 കിലോമീറ്ററില്‍ 255 കിലോമീറ്ററിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞു. കത്രയ്‌ക്കും റിയാസിക്കും ഇടയിലുള്ള 17 കിലോ മീറ്റററാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. കശ്മീര്‍ ജനതയ്‌ക്ക് പ്രധാനമന്ത്രിയില്‍ നിന്നും എന്‍ഡിഎ സര്‍ക്കാരില്‍ നിന്നുമുള്ള സമ്മാനമാണിതെന്നും രവ്‌നീത് സിങ് പറഞ്ഞു.
ശൈത്യകാലത്ത് ഹൈവേകളും മറ്റ് റോഡുകളും അടച്ചിടേണ്ട സാഹചര്യം വരുമ്പോള്‍ ഈ പദ്ധതി താഴ്വരയിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുമെന്നാണ് വിലയിരുത്തല്‍. ദല്‍ഹിയില്‍ നിന്ന് കശ്മീരിലേക്ക് 1,500 രൂപ മുതല്‍ 2,100 രൂപ വരെയാകും ടിക്കറ്റ് നിരക്ക്. യാത്രാമധ്യേ ജമ്മുവിലും മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലും സ്റ്റോപ്പുകളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക