പെരുമ്പാവൂർ : അഞ്ച് വർഷമായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി പോലീസ് പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര ചെമ്പില വിളയിൽ സൽമാൻ (26)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം മോഷണം തടയുന്നതിനുള്ള പ്രത്യേക പരിശോധനയിലാണ് ഇയാൾ പിടിയിലായത്. നരിമാൻ മൂട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് ഇയാൾ.
കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കോഴിക്കോട് സിറ്റിയിലെ മോഷണ കേസിലെ പ്രതിയുമാണ് ഇയാൾ. ജാമ്യമെടുത്ത ശേഷം മുങ്ങി നടക്കുകയായിരുന്നു.
ഇൻസ്പെക്ടർ ടി. എം സൂഫിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ ചോദ്യം ചെയ്തപ്പോൾ പേരും വിലാസവും തെറ്റായിപ്പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ ഒളിച്ചു നടക്കുകയാണെന്ന് സംശയിച്ചു.
മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽക്കഴിഞ്ഞ ശേഷമാണ് ഇയാൾ പെരുമ്പാവൂരിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: