ശ്രീനഗർ : ജമ്മുകശ്മീരിൽ ശൈത്യകാലത്തിന് തുടക്കമായി. ശ്രീനഗറിലും കശ്മീരിലെ മറ്റ് ചില സ്ഥലങ്ങളിലും ബുധനാഴ്ച സീസണിലെ ഏറ്റവും തണുപ്പുള്ള രാത്രി അനുഭവപ്പെട്ടു. ശ്രീനഗർ നഗരത്തിൽ മൈനസ് 0.7 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
താഴ്‌വരയിലെ മിക്ക സ്ഥലങ്ങളും മൈനസിന് താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കാസിഗുണ്ടിൽ മൈനസ് 1.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിലെ ഏറ്റവും കുറഞ്ഞ താപനില മൈനസ് 3.7 ഡിഗ്രി സെൽഷ്യസാണ്. മഞ്ഞ് വീണ് തുടങ്ങിയ താഴ്‌വരയിലെ ഏറ്റവും തണുപ്പുള്ള സ്ഥലമാണ് പഹൽഗാം.
കൂടാതെ ഗുൽമാർഗ് സ്‌കീ റിസോർട്ടിൽ മൈനസ് 0.6 ഡിഗ്രി സെൽഷ്യസും കുപ്‌വാര ടൗണിൽ മൈനസ് 0.8 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്. മൈനസ് 1.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ ഏക കാലാവസ്ഥാ കേന്ദ്രം കോക്കർനാഗിൽ മാത്രമാണെന്ന് അധികൃതർ പറഞ്ഞു.
അതേ സമയം നവംബർ 23 വരെ കാലാവസ്ഥ പൊതുവെ ശാന്തമായി തുടരും. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ നേരിയ മഴയും മഞ്ഞുവീഴ്ചയും പ്രത്യേകിച്ച് ഉയർന്ന പ്രദേശങ്ങളിൽ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക