പ്രശസ്ത കവിയും ഗാനരചയിതാവും സംഗീതാസ്വാദകനുമായ എ.വി. വാസുദേവന്‍ പോറ്റി ഓര്‍യായി. എപ്പോഴും പുഞ്ചിരിയോടെ മാത്രം കാണുന്ന ആ ചൈതന്യവത്തായ മുഖം ഇനി മനോമുകുരത്തില്‍ മാത്രം. ആകസ്മികമായ അന്ത്യം. പത്തുദിവസം മുമ്പാണ് അദ്ദേഹം അധ്യക്ഷനായ തപസ്യയുടെ യോഗം വീട്ടില്‍ നടന്നത്. സ്വാതി സംഗീതസഭയുടെ എല്ലാ സംഗീതപരിപാടികളിലും നിറസാന്നിധ്യം, ഓരോ രാഗങ്ങളെയും കീര്‍ത്തനങ്ങളെയും കുറിച്ചുള്ള അന്വേഷണം, അവസാനം വേദിയില്‍ കലാകാരന്മാരെ ആദരിച്ച് സംസാരിക്കല്‍, കഴിഞ്ഞ നവരാത്രി വേളയില്‍ നടന്ന വി. ദക്ഷിണാമൂര്‍ത്തി നൃത്തസംഗീതോത്സവത്തില്‍ സമീപത്തിരുന്ന് കച്ചേരി ആസ്വദിച്ചിരുന്നു.
മനുഷ്യഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഭക്തിനിര്‍ഭരങ്ങളായ 44 ആല്‍ബങ്ങളിലായി നാനൂറോളം ഗാനങ്ങള്‍ രചിച്ച മഹാനായ ആ ഗാനരചയിതാവിന് അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ ലഭിച്ചില്ലെന്നത് ഖേദകരമാണ്. എന്നാല്‍ സംഗീത പ്രേമികളുടെ ചുണ്ടുകളില്‍ സദാ സമയം തത്തിക്കളിക്കുന്ന ദേവീഗീതം മൂന്ന് ആല്‍ബങ്ങളിലെ കെ.ജി. ജയന്‍ സംവിധാനം ചെയ്ത അഞ്ജനശിലയില്‍ ആദിപരാശക്തി…, മൂകാംബികേ ദേവി…, പാടുന്നു ഞാന്‍ കാടാമ്പുഴയിലെത്തി… തുടങ്ങിയ ഗാനങ്ങളാണ് തനിക്കു കിട്ടിയ വലിയ അംഗീകാരമെന്ന അദ്ദേഹം പറയാറുണ്ടായിരുന്നു.
ചെറുപ്പത്തില്‍ത്തന്നെ ആനുകാലികങ്ങളില്‍ എഴുതിക്കൊണ്ടായിരുന്നു അദ്ദേഹം രംഗത്തേക്കു കയറിവന്നത്. എന്റെ ‘നിറമാല’ എന്ന പുസ്തക പ്രകാശന വേളയില്‍ വിശദമായി സംസാരിച്ചത് ഓര്‍ക്കുകയാണ്. കഴിഞ്ഞദിവസം ഫോണില്‍ സംസാരിക്കുമ്പോള്‍പോലും വിചാരിച്ചതല്ല ഈ വിയോഗം. ഇന്നലെ രാവിലെ ആശുപത്രിയില്‍ പോയി. ഉച്ചയ്‌ക്കായിരുന്നു ആകസ്മികമായ മരണം.
പത്തുദിവസം മുന്‍പ് എന്റെ ഗൃഹത്തില്‍ ഞങ്ങള്‍ തപസ്യക്കാര്‍ ഒത്തുകൂടി അത് അവസാനത്തേതാണെന്ന് അറിഞ്ഞില്ല. ഓര്‍മകള്‍ ഏറെയാണ്. എപ്പോഴും ഊര്‍ജ്ജസ്വലനായി, സുസ്മേര വദനനായി മാത്രം കാണാറുള്ള ഒട്ടും ജാടകളില്ലാത്ത ആ കുറിയ മനുഷ്യന്റെ കൈവീശിയുള്ള നടത്തം ഇനി ഓര്‍മകളില്‍ മാത്രം…-
(റിട്ട. ഡെപ്യൂട്ടി കളക്ടറാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക