Editorial

പുതിയ ബഹിരാകാശ പങ്കാളിത്തത്തിന്റെ തുടക്കം

Published by

ചാന്ദ്രദൗത്യം ഉള്‍പ്പെടെ ബഹിരാകാശത്ത് ഭാരതം അഭൂതപൂര്‍വമായ വിജയങ്ങള്‍ നേടുന്നതിനിടെ തുടര്‍ച്ചയായി ഒന്നുകൂടി. ഉള്‍പ്രദേശങ്ങളിലും സമുദ്ര, ആകാശ പരിധികളിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ജിസാറ്റ്-20 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആര്‍ഒ) വികസിപ്പിച്ച വാര്‍ത്താവിനിമയ ഉപഗ്രഹം അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. 4700 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ജിടിഒയിലേക്ക് എത്തിക്കാന്‍ ഇന്ത്യന്‍ റോക്കറ്റുകള്‍ക്കു ശേഷിയില്ലാത്തതിനാലാണ് 8300 കിലോഗ്രാം ഭാരം വരെ ഇതേ ഓര്‍ബിറ്റിലെത്തിക്കാന്‍ ശേഷിയുള്ള സ്പേസ് എക്‌സിന്റ ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സഹായം തേടിയത്. മുന്‍പ് ഇത്തരം ദൗത്യങ്ങള്‍ക്ക് ഭാരതം ആശ്രയിച്ചിരുന്നത് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഏരിയന്‍ റോക്കറ്റുകളായിരുന്നു. ജിസാറ്റ്-24 ഉപഗ്രഹത്തെ 2023 ല്‍ ഭ്രമണപഥത്തില്‍ എത്തിച്ചത് ഏരിയന്‍ 5 റോക്കറ്റാണ്. ഈ റോക്കറ്റിന്റെ കാലാവധി കഴിയുകയും ഏരിയന്‍ 6 റോക്കറ്റ് നിര്‍മാണം പൂര്‍ത്തിയാകാത്തതുമാണ് ഫാല്‍കണ്‍ 9 റോക്കറ്റിനെ ആശ്രയിക്കാന്‍ കാരണം. ഉയര്‍ന്ന ബാന്‍ഡ്വിഡ്ത്ത് ലഭിക്കാന്‍ ഉപഗ്രഹത്തെ പ്രാപ്തമാക്കുന്ന വിപുലമായ ഗാമ ബാന്‍ഡ് ഫ്രീക്വന്‍സി മാത്രം ഉപയോഗിക്കുന്ന ഉപഗ്രഹം ഐഎസ്ആര്‍ഒ നിര്‍മിക്കുന്നതും ഇതാദ്യമായിട്ടാണ്.

വിദൂര പ്രദേശങ്ങളില്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങളും യാത്രാവിമാനങ്ങളില്‍ ഇന്റര്‍നെറ്റും നല്‍കുന്ന ഐഎസ്ആര്‍ഒയുടെ അത്യാധുനിക ആശയവിനിമയ ഉപഗ്രഹമാണ് ജിസാറ്റ്-20. ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് ഉപഗ്രഹം സഹായിക്കും. ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. വിമാനങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായിക്കും. ഇതാദ്യമായാണ് ഐഎസ്ആര്‍ഒ അതിന്റെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്ഐഎല്‍) വഴി സ്പേസ് എക്സ് റോക്കറ്റില്‍ ഉപഗ്രഹം വിക്ഷേപിക്കുന്നത്. 14 വര്‍ഷത്തെ ഉപജീവന കാലാവധി പ്രതീക്ഷിക്കുന്ന ജിസാറ്റ്-20, രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ വിപുലീകരണത്തിന് വലിയ പിന്തുണ നല്‍കും.

ഭാരതത്തിന്റെ വാണിജ്യ ബഹിരാകാശ മേഖലയിലേക്ക് വലിയ ചുവടുവയ്പാണ് ജിസാറ്റ്-20 വിക്ഷേപണം. ആദ്യമായല്ല ഭാരതം തദ്ദേശീയമായി വികസിപ്പിച്ച ഒരു കൃത്രിമ ഉപഗ്രഹം വിക്ഷേപിക്കാന്‍ വിദേശ ഏജന്‍സികളുടെ സഹായം തേടുന്നത്. ഭാരമേറിയ സാറ്റലൈറ്റുകളെ വിക്ഷേപിക്കാന്‍ മുമ്പ് യൂറോപ്യന്‍ ലോഞ്ച് സര്‍വീസിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അത് സാധ്യമാകാതെ വന്നപ്പോഴാണ് ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്ഐഎല്‍) ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സുമായി സഹകരിച്ച് 4,700 കിലോഗ്രാം ഭാരമുള്ള കൃത്രിമ ഉപഗ്രഹത്തെ ബഹിരാകാശത്തേക്ക് അയച്ചത്. ഇത് പുതിയ തലത്തിലുള്ള ബഹിരാകാശ പങ്കാളിത്തത്തിന്റെ തുടക്കമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by