കൊല്ലം: മരണാനന്തര ചടങ്ങുകളില്‍ സിപിഎം നടത്തുന്ന കടന്നുകയറ്റത്തിനെതിരെ എസ്എന്‍ഡിപി യോഗം കുണ്ടറ യൂണിയന്‍. മണ്‍റോതുരുത്തിലെ എസ്എന്‍ഡിപി യോഗം ശാഖകളും കുണ്ടറ യൂണിയനും സംയുക്തമായി ഇറക്കിയ ‘അന്ത്യയാത്രയില്‍ അശാന്തി അരുത്’ പ്രസ്താവനയിലാണ് സിപിഎമ്മിനെ പേെരടുത്ത് പറയാതെ വിമര്‍ശിക്കുന്നത്.
മണ്‍റോതുരുത്ത് നന്മേനി ശാഖയില്‍പെട്ടയാളുടെ മരണാനന്തര ചടങ്ങില്‍ ഭൗതിക ശരീരത്തില്‍ സമുദായ പതാകയ്‌ക്കു മുകളില്‍ സിപിഎം പതാക പുതപ്പിക്കുകയും മരണാനന്തര ചടങ്ങില്‍ ഗുരുസ്‌തോത്രം ചൊല്ലാന്‍ ഏര്‍പ്പാടാക്കിയ ആളിനെ വിലക്കുകയും ചെയ്തതോടെയാണ് യൂണിയന്‍ പരസ്യനിലപാട് സ്വീകരിച്ചത്.
നോട്ടീസില്‍ നിന്ന്: പാര്‍ട്ടി അംഗമായിരുന്നതിന്റെ പേരില്‍ ചില രാഷ്‌ട്രീയ കക്ഷികള്‍ രംഗം കൈയടക്കുകയും മൃതദേഹത്തില്‍ അന്ത്യകോടിയായി പാര്‍ട്ടി പതാക ഇടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വ്യക്തി ജീവിച്ചിരുന്നപ്പോള്‍ പാര്‍ട്ടി നിലപാട് അനുസരിച്ച് തന്റെ അന്ത്യകര്‍മം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ സമുദായം അതിന് എതിരല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ സമുദായം എന്ന നിലയിലുള്ള നടപടിക്രമങ്ങളില്‍ നിന്ന് എസ്എന്‍ഡിപി യോഗം പിന്മാറും.
കുടുംബത്തിന്റെ ആശ്രയമായ ആളുടെ വേര്‍പാടില്‍ നിസ്സഹായരായ കുടുംബത്തിന്റെ മാനസികാവസ്ഥ ചൂഷണം ചെയ്ത് ആചാരങ്ങള്‍ മാറ്റിമറിക്കാനും ഗുരുസ്‌തോത്രങ്ങള്‍ ചൊല്ലുന്നത് വിലക്കാനുമുള്ള ശ്രമങ്ങളുണ്ടായത് ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. വീട്ടുകാര്‍ ഗുരുസ്‌തോത്രം ചൊല്ലാന്‍ ഏര്‍പ്പാടാക്കിയ വ്യക്തിയെ പാര്‍ട്ടി പ്രതിനിധി ഫോണില്‍ വിളിച്ച്, വരേണ്ടതില്ലെന്നു പറഞ്ഞത്, അത്യന്തം നിന്ദ്യമാണ്. മനസ്സാക്ഷിക്ക് നിരക്കാത്തതാണ്.
മരിച്ച വ്യക്തിയോടും പരേതന്റെ കുടുംബത്തോടും സമുദായവും സമൂഹവും പാലിക്കേണ്ട സാമാന്യ മര്യാദകളുണ്ട്. മരണവീടുകളില്‍ പാലിക്കേണ്ട നിശബ്ദതയും ഭക്തിനിര്‍ഭരമായ മന്ത്രങ്ങളും അവഗണിച്ച്, ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങള്‍ അരോചകമാണ്.
അന്ത്യയാത്രയ്‌ക്ക് സമുദായവും സമൂഹവും നിശ്ചയിച്ചിട്ടുള്ള ആചാരക്രമങ്ങളുണ്ട്. അധിനിവേശത്തിലൂടെ ആര്‍ക്കെങ്കിലും അത്തരം നാട്ടുരീതികളും സമുദായാചാരങ്ങളും പിഴുതെറിയാമെന്ന് വിചാരമുണ്ടെങ്കില്‍ അത് ഈഴവസമുദായം അംഗീകരിച്ചു നല്കില്ല.
അചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും നേരെയുണ്ടാകുന്ന അധിനിവേശത്തിനെതിരെ വരും ദിവസങ്ങളില്‍ ബോധവത്കരണ, പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. 2025 ജനുവരി ആദ്യവാരം മുളച്ചന്തറ ദേവീക്ഷേത്ര മൈതാനിയില്‍ വിപുലമായ സാമുദായിക പൊതുസമ്മേളനം സംഘടിപ്പിക്കുമെന്നും പ്രസ്താവനയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക