Kerala

ശബരിമല: ബോധവല്‍ക്കരണം ഫലം കണ്ടില്ല, പ്ലാസ്റ്റിക്ക് മാലിന്യം പതിവിന്‍പടി

Published by

സന്നിധാനം: ശബരിമലയിലേക്ക് പ്ലാസ്റ്റിക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന ബോധവല്‍ക്കരണം കാര്യമായ പ്രയോജനം ചെയ്യുന്നില്ല. ഭക്തര്‍ ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരരുതെന്ന് തന്ത്രിയും ദേവസ്വം ബോര്‍ഡും നിര്‍ദ്ദേശിച്ചിട്ടും സന്നിധാനത്തേക്ക് ദിനംപ്രതി എത്തുന്നത് ടണ്‍ കണക്കിന് പ്ലാസ്റ്റിക്. കാനന ക്ഷേത്രമായ ശബരിമലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നത് മനുഷ്യന് മാത്രമല്ല പ്രകൃതിക്കും പക്ഷിമൃഗാദികള്‍ക്കും ഒരുപോലെ ദോഷമാണ്.

പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ചന്ദനത്തിരി, കര്‍പ്പൂരം, കുരുമുളക് തുടങ്ങിയ പൂജാസാധനങ്ങളും കുടിവെള്ളം അടക്കം പ്ലാസ്റ്റിക് പാത്രങ്ങളില്‍ ശബരിമലയിലേക്ക് കൊണ്ടുവരുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്ന് തന്ത്രി നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലുമടക്കം ദേവസ്വം ബോര്‍ഡ് വ്യാപകമായ ബോധവല്‍ക്കരണവും നടത്തിയിരുന്നു. എന്നാല്‍ മണ്ഡലകാല ആരംഭം മുതല്‍ സന്നിധാനത്തേക്ക് എത്തുന്ന ഭക്തരില്‍ ബഹുഭൂരിപക്ഷവും ഇരുമുടിക്കെട്ടിലും അല്ലാതെയും പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നത് തുടരുകയാണ്. സന്നിധാനത്തിന്റെ പല ഭാഗങ്ങളിലായി കുമിഞ്ഞുകൂടുകയാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍. 20 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റ് സന്നിധാനം പാണ്ടിത്താവളത്തിന് സമീപം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിദിനം 22 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഈ പ്ലാന്റില്‍ മണിക്കൂറില്‍ 700 കിലോ മാലിന്യം സംസ്‌കരിക്കാനാവും. എന്നാല്‍ ഇതിന്റെ ഇരട്ടിയോളം മാലിന്യമാണ് മുന്‍വര്‍ഷങ്ങളില്‍ സന്നിധാനത്ത് കുമിഞ്ഞുകൂടിയത്.

ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് ഇക്കുറി ഇരുമുടിക്കെട്ടില്‍ നിന്നും പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം ഭക്തര്‍ക്ക് അടക്കം നല്‍കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by