കൊച്ചി: കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം നിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
വഖഫ് നിയമത്തിന്റെ പേരില്‍ മുനമ്പം ജനത തന്നെ കുടിയിറക്ക് ഭീഷണി നേരിടുകയാണ്. ഇത്തരം തെറ്റായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അത് മൂലമുണ്ടാകുന്ന ഭീഷണി ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല. നിലവിലുള്ള വഖഫ് നിയമങ്ങള്‍ റദ്ദാക്കണമെന്നും യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു. മുനമ്പം സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിനെത്തിയ ഇരുനൂറിലധികം യോഗക്ഷേമസഭാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. ഈ ഭൂസമരത്തിന്റെ അവസാനം വരേയും ഒപ്പം ഉണ്ടാവും എന്ന് യോഗക്ഷേമസഭ പ്രഖ്യാപിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കൊടുപ്പുന്ന കൃഷ്ണന്‍ പോറ്റി, വനിതാ പ്രസിഡന്റ് മല്ലികാ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് പി.വി. ശിവദാസ്, സംസ്ഥാന സെക്രട്ടറി കെ.ഡി. ദാമോദരന്‍, മധ്യമേഖലാ പ്രസിഡന്റ് ടി.എന്‍. മുരളീധരന്‍, സെക്രട്ടറി രവി പന്തല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് സ്വര്‍ണത്ത് നാരായണന്‍ നമ്പൂതിരിപ്പാട്, സെക്രട്ടറി ശ്രീകുമാര്‍ കാപ്പിള്ളി, ഉപസഭാ സെക്രട്ടറി പണിക്കാമറ്റം നാരായണന്‍ നമ്പൂതിരി എന്നിവര്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞയോടനുബന്ധിച്ച് ഉള്ള ജാഥക്ക് നേതൃത്വം നല്‍കി. യോഗക്ഷേമസഭയുടെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള പ്രതിനിധികള്‍ പരിപാടികളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: