Kerala

മുനമ്പം: ഭരണഘടനക്ക് മുകളില്‍ ലീഗിന് എന്ത് അധികാരമാണുള്ളത് – കെ. സുരേന്ദ്രന്‍

Published by

പാലക്കാട്: മുനമ്പത്തെ വഖഫ് ബോര്‍ഡ് വിഷയത്തില്‍ യുഡിഎഫ് നേതാക്കള്‍ പ്രതിരോധത്തിലായി എന്നതിന്റെ തെളിവാണ് തിരക്കുപിടിച്ച് ക്രൈസ്തവ നേതാക്കളെ കണ്ടതിന് പിന്നിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുനമ്പം സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മുസ്ലിംലീഗ് നേതാക്കള്‍ ക്രൈസ്തവ നേതാക്കളെ കണ്ടതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. വഖഫ് ബോര്‍ഡിനു വേണ്ടി മുസ്ലിംലീഗിന് എങ്ങിനെയാണ് സംസാരിക്കാന്‍ സാധിക്കുക.

ഭരണഘടനക്ക് മുകളില്‍ ലീഗിന് എന്ത് അധികാരമാണുള്ളത്. വഖഫ് ബോര്‍ഡ് ചെയ്യുന്നതിന് ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്. ഇപ്പോള്‍ എങ്ങനെയാണ് മുസ്ലിം ലീഗിന് വഖഫ് കൈയേറ്റത്തില്‍ ഉത്തരവാദിത്വമുണ്ടാവുന്നത്. അച്ഛന്‍ പത്തായത്തില്‍ ഇല്ല എന്ന് പറയും പോലെയാണ് ഇപ്പോഴത്തെ ലീഗിന്റെ നിലപാട്. വഖഫ് കൈയേറ്റം നടത്താന്‍ ഇതുവരെ പറഞ്ഞത് മുസ്ലിം ലീഗാണോ. സര്‍ക്കാരാണോ മധ്യസ്ഥത വഹിക്കാന്‍ മുസ്ലിം ലീഗിനെ അയച്ചത്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ കബളിപ്പിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാരും യുഡിഎഫും സ്വീകരിക്കുന്നത്. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് നിയമസഭയില്‍ പറഞ്ഞത് തിരുത്താന്‍ മുസ്ലിം ലീഗ് തയ്യാറാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

യഥാര്‍ഥത്തില്‍ ഈ പ്രശ്നത്തിനുള്ള പരിഹാരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് നിയമഭേദഗതിയാണ്. അതിനോട് ഇടത് – വലത് മുന്നണികളുടെ നിലപാടെന്താണെന്നും, നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം പിന്‍വലിക്കാന്‍ ഇവര്‍ തയ്യാറുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. വഖഫ് അധിനിവേശം വെറും മതപരമായ പ്രശ്നമല്ല. ഇത് എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്നതാണ്. മുസ്ലിം ലീഗ് നടത്തുന്നത് ഇലക്ഷന്‍ സ്റ്റണ്ട് മാത്രമാണ്. സുപ്രഭാതം, സിറാജ് തുടങ്ങിയ പത്രങ്ങളില്‍ വന്ന ഇടതുസ്ഥാനാര്‍ഥിയുടെ പരസ്യം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി സിപിഎമ്മും കോണ്‍ഗ്രസും ഒരു വിഭാഗത്തിന്റെ വോട്ടിന് വേണ്ടി മത്സരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബീഫ് ഫെസ്റ്റ് മുതല്‍ വഖഫ് വരെ ജനങ്ങള്‍ കാണുന്നുണ്ട്. സിഎഎ കാലത്ത് രണ്ട് മുന്നണികളും നടത്തിയ പ്രീണനം പാലക്കാട്ടുകാര്‍ മറക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക