Kerala

കുടിയിറക്കാനുള്ള ഏത് നീക്കത്തെയും ബിജെപി എതിര്‍ക്കും: വി. മുരളീധരന്‍

Published by

തിരുവനന്തപുരം: മുനമ്പത്തെ വഖഫ് അധിനിവേശത്തിനെതിരെ ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പ്രതിഷേധം അലയടിച്ചു. സമാധാനപരമായ മാര്‍ച്ചിന് നേരെ പോലീസ് അക്രമം അഴിച്ചുവിട്ടു. നാലുതവണയായുള്ള ജലപീരങ്കി പ്രയോഗത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇതില്‍ പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി. രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

സാധാരണക്കാരായ ജനങ്ങളെ കുടിയിറക്കാനുള്ള ശ്രമം ഉണ്ടാകുമ്പോള്‍ അതിനെതിരെ ബിജെപി നിലപാടെടുക്കുമെന്നും മുനമ്പത്ത് ബിജെപി ഇടപെട്ടത് അതുകൊണ്ടാണെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ ജനങ്ങള്‍ ഭീതിയിലാണ് ജീവിക്കുന്നത്. ഒരോ ദിവസവും പുതിയ പുതിയ പ്രദേശങ്ങളില്‍ വഖഫ് ബോര്‍ഡിന്റെ നോട്ടിസ് ലഭിക്കുകയാണ്. വയനാട്ടിലും ചാവക്കാട്ടും പാലക്കാട്ടും എറണാകുളത്തുമുള്‍പ്പടെ നിരവധി സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് വഖഫ് ബോര്‍ഡിന്റെ നോട്ടീസ് ലഭിക്കുന്നത്. നാട്ടിലെ നിയമങ്ങള്‍ക്കുമപ്പുറമാണ് വഖഫിന്റെ തീരുമാനം. മുനമ്പത്ത് നിന്നും ആരെയും ഇറക്കിവിടില്ലെന്ന് ഔദാര്യം പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. പാലക്കാട് തെരഞ്ഞെടുപ്പിന് മുമ്പ് കുഞ്ഞാലിക്കുട്ടി ബിഷപ്പിനെ കണ്ടത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ഇടതു സര്‍ക്കാര്‍ അവരുടെ നേതാവ് കൈവശം വച്ചിരിക്കുന്ന വഖഫ് ഭൂമി വഖഫിന് വിട്ടുകൊടുക്കാന്‍ നിര്‍ദേശം നല്‍കാത്തത് എന്തുകൊണ്ടാണെന്നും വി. മുരളീധരന്‍ ചോദിച്ചു.

ന്യൂനപക്ഷവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്നവര്‍ മുനമ്പത്തെ ന്യൂനപക്ഷ സമുദായത്തെപറ്റി എന്തുകൊണ്ട് ആശങ്കപ്പെടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

വഖഫ് ഭീകരതയെ അനുകൂലിക്കുന്ന ആളാണ് മന്ത്രി അബ്ദുറഹ്മാന്‍. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച അബ്ദുറഹ്മാന്റെ ലേഖനത്തില്‍ പറയുന്നത് ഭൂമി ആരുടേതെന്ന് തീരുമാനിക്കാനുള്ള അധികാരം വഖഫ് ബോര്‍ഡിനെന്നാണ്. ഈ നിലപാടാണോ തങ്ങള്‍ക്കുമുള്ളതെന്ന് സിപിഎം വ്യക്തമാക്കണം. വഖഫ് നിയമഭേദഗതിക്കായും പാവപ്പെട്ടവരുടെ ഭൂമി അന്യാധീനപ്പെടുന്ന കിരാത നിയമത്തിനെതിരായും പാര്‍ലമെന്റിനും നിയമസഭയ്‌ക്കും പുറത്തും പോരാടുമെന്നും വി. മുരളീധരന്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി. ശിവന്‍കുട്ടി, പ്രൊഫ. വി.ടി. രമ, സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍. അജേഷ് തുടങ്ങിയവരും ജില്ലാ നേതാക്കളും മാര്‍ച്ചിന് നേതൃത്വം നല്‍കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by