പത്തനംതിട്ട: ശബരിമലയില്‍ സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമുള്ള കടകളില്‍ പ്രത്യേകമായി രൂപവത്കരിച്ച സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ വിവിധ നിയമ ലംഘനങ്ങള്‍ക്ക് 77,000 രൂപ പിഴ ഈടാക്കി. ഹോട്ടലുകളിലെ ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡ്, പഴകിയതും കാലാവധി കഴിഞ്ഞതുമായി ഉത്പ്പന്നങ്ങളുടെ വില്‍പ്പന എന്നിവയാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്.
സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് എസ് എല്‍ സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംയുക്ത പരിശോധന നടത്തിയത്. ഹോട്ടലുകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. കൂടുതലും ഹോട്ടലുകളിലും ഹെല്‍ത്ത് കാര്‍ഡുള്ളവരാണ് പ്രവര്‍ത്തിക്കുന്നത്. അല്ലാത്തിടങ്ങളില്‍ ഹെല്‍ത്ത് കാര്‍ഡ് കാണിക്കുന്നതിന് രണ്ടു ദിവസം അനുവദിച്ചിട്ടുണ്ട്. ഇതില്‍ പരാജയപ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. റവന്യൂ, ലീഗല്‍ മെട്രോളജി, ആരോഗ്യവകുപ്പ്, ഭക്ഷ്യ വകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സംയുക്ത പരിശോധനാ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക