Entertainment

സംഗീതത്തില്‍ ഒറിജിനല്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഇളയരാജയെയും സലില്‍ ചൗധരിയെയും ജോണ്‍സനെയും തൊടേണ്ടെന്ന് പ്രകാശ് ഉള്ള്യേരി

Published by

തിരുവനന്തപുരം: സംഗീതം കൂടുതല്‍ ടെക്നോളജിയും പ്രോഗ്രാമിങ്ങും ഒക്കെയായി മാറുമ്പോഴും സംഗീതത്തില്‍ ഒറിജിനല്‍ ഉണ്ടോ എന്ന ചോദ്യത്തിന് അത് ഉണ്ട് എന്നും ഇളയരാജയെയും സലില്‍ ചൗധരിയെയും ജോണ്‍സനേയും ആരും തൊടാന്‍ പോകാതിരിക്കുന്നതാണ് നല്ലതെന്നും സംഗീതജ്ഞനും ഇന്‍സ്ട്രുമെന്‍റലിസ്റ്റുമായ പ്രകാശ് ഉള്ള്യേരി. ഒരു യൂട്യൂബ് ചാനലുമായി നടത്തിയ അഭിമുഖത്തിലായിരുന്നു പ്രകാശ് ഉള്ള്യേരി ഉള്ളു തുറന്നത്.

തുമ്പി വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തില്‍ ഊഞ്ഞാലിടാം….ഇതൊക്കെ വന്‍ ഒറിജിനലാണ്. ഇളയരാജ എന്ന ആളെ സംഗീതത്തിനായി ദൈവം ജനിപ്പിച്ചതാണ്. എന്തൊരു മ്യൂസിക്കാണ് അദ്ദേഹത്തിന്‍റേത്. മഞ്ഞുമ്മല്‍ ബോയ്സ് എന്ന പടം കണ്ടിറങ്ങിയപ്പോഴും അതിലെ ഇളയരാജയുടെ ആ ട്യൂണ്‍ മാത്രമായിരുന്നു മനസ്സില്‍.- പ്രകാശ് ഉള്ള്യേരി പറയുന്നു. ചിന്തിക്കാന്‍ പറ്റാത്ത തലങ്ങളിലൂടെയാണ് ഇളയരാജ സഞ്ചരിക്കുന്നതെന്നും പ്രകാശ് ഉള്ള്യേരി പറയുന്നു.

ഗാനമേളകള്‍ അഭിനയമായി

ഗാനമേളകള്‍ എല്ലാം വെറും പറ്റിക്കലാണെന്നും താന്‍ പണ്ട് വായിച്ചിരുന്ന മല്ലിശ്ശേരി ഓര്‍ക്കസ്ട്രയും ഇപ്പോള്‍ ഇല്ലാതായി. പണ്ടൊക്കെ മല്ലിശ്ശേരി ഓര്‍ക്കസ്ട്രയില്‍ ഒരു മാസം 42 പ്രോഗ്രാമുകള്‍ വരെ ഉണ്ടായിരുന്നു. പിന്നീട് ഇതിന് കാരണം വെറും പ്രോഗ്രാമിങ്ങിലേക്ക് മാറുന്നത് കൊണ്ടാണ്. ഗാനമേളകള്‍ വെറും അഭിനയം ആയി മാറി. ലൈവ് കുറയുകയും കൃത്രിമമായി പ്രോഗ്രാമിങ്ങിനെ ആശ്രയിക്കുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് അതില്‍ താല്‍പര്യമില്ലാതാകും. – പ്രകാശ് ഉള്ള്യേരി പറയുന്നു.

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിന് ഒരു മണിക്കൂര്‍ കച്ചേരി ഹാര്‍മോണിയത്തില്‍ വായിച്ച തന്റെ അനുഭവവും അദ്ദേഹം പങ്കുവെച്ചു. ആ ഹാര്‍മോണിയം കച്ചേരിക്ക് വലിയ സ്വീകാര്യതയായിരുന്നു. ഹരിപ്രസാദ് ചൗരാസ്യയ്‌ക്ക് ശേഷമായിരുന്നു ഗുരുവായൂരില്‍ ഉള്ള്യേരിയുടെ ഹാര്‍മോണിയം കച്ചേരി. സ്വന്തം കമ്പോസിഷനാണ് ആദ്യം വായിച്ചത്. പിന്നീട് കൃഷ്ണാനീബേഗേന എന്നതുള്‍പ്പെടെ കീര്‍ത്തനങ്ങളും ഭക്തിഗാനങ്ങളും വായിച്ചു. നല്ല സ്വീകാര്യതയായിരുന്നു ഗുരുവായൂരില്‍ ലഭിച്ചത്. അതുപോലെ കല്‍പാത്തി ക്ഷേത്രത്തില്‍ ഒരു മണിക്കൂര്‍ നേരം ഹാര്‍മോണിയം കച്ചേരി നടത്തിയത് വലിയ അനുഭവമായിരുന്നു. പണ്ട് ചെമ്പൈ സംഗീതകോളെജില്‍ പട്ടിണി കിടന്ന് പഠിക്കുന്ന കാലത്ത് കല്‍പാത്തിയിലെ സംഗീതവേദി എന്നും ഒരു സ്വപ്നമായിരുന്നുവെന്നും പ്രകാശ് ഉള്ള്യേരി പറയുന്നു.

ഹരിഹരനോടൊപ്പം 600ഓളം വേദികളില്‍ കീ ബോര്‍ഡ് വായിച്ച ആള്‍ കൂടിയാണ് പ്രകാശ് ഉള്ള്യേരി. ഉള്ള്യേരി എന്ന ചെറിയ ഗ്രാമത്തില്‍ നിന്നും വന്ന നാദസ്വരവായനക്കാരനായ അച്ഛന്റെ മകനായ തനിക്ക് ഇത്രയും യാത്ര ചെയ്യാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണെന്നും പ്രകാശ് ഉള്ള്യേരി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക