Health

കുതിരവട്ടം, പിണറായി ആശുപത്രികളുടെ വികസനത്തിന് 53 കോടിയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി

Published by

തിരുവനന്തപുരം: സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 53 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് . കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടിയും കണ്ണൂര്‍ പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടിയുമാണ് അനുവദിച്ചത്.
കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിനെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് പരിശ്രമിക്കുന്നത്. 1872ല്‍ സ്ഥാപിതമായതും കുതിരവട്ടത്ത് 20 ഏക്കര്‍ ഭൂമിയില്‍ വ്യാപിച്ച് കിടക്കുന്നതുമായ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഘട്ടം ഘട്ടമായുള്ള വികസനമാണ് നടപ്പിലാക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിന്റെ രണ്ട് ഘട്ടമായിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി 55 കോടി രൂപയുടെ പദ്ധതിയാണ് നബാര്‍ഡിന് നല്‍കിയത്.
പിണറായി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ഒരു അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി 6245 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള 6 നിലകളുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനായി നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 2 ബേസ്‌മെന്റ് ഫ്‌ളോര്‍, ഗ്രൗണ്ട് ഫ്‌ളോര്‍, ഫസ്റ്റ് ഫ്‌ളോര്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി ഒന്നാം ഘട്ടത്തില്‍ 19.75 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക