Kerala

ദേശീയ ക്ഷീര ദിനം; പൊതുജനങ്ങള്‍ക്ക് മില്‍മ തിരുവനന്തപുരം ഡെയറി സന്ദര്‍ശിക്കാം, ഉല്‍പ്പന്നങ്ങള്‍ ഡിസ്കൗണ്ട് വിലയില്‍ വാങ്ങാം

Published by

തിരുവനന്തപുരം: ദേശീയ ക്ഷീര ദിനാഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് നവംബര്‍ 25 നും 26 നും മില്‍മയുടെ തിരുവനന്തപുരം ഡെയറി സന്ദര്‍ശിക്കാന്‍ അവസരം. രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് സന്ദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്.

പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നും സംഭരിക്കുന്ന പാല്‍ ഡെയറിയില്‍ പാസ്ചറൈസ് ചെയ്ത് രോഗാണു വിമുക്തമാക്കി യന്ത്രസഹായത്തോടെ പായ്‌ക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങള്‍ സന്ദര്‍ശകര്‍ക്ക് നേരില്‍ കണ്ടു മനസ്സിലാക്കാനാകും. മില്‍മയുടെ മറ്റ് ഉല്‍പ്പന്നങ്ങളായ നെയ്യ്, ഐസ്ക്രീം, വെണ്ണ, തൈര്, സംഭാരം തുടങ്ങിയവ നിര്‍മ്മിക്കുന്നതും കാണാവുന്നതാണ്.

നെയ്യ്, ബട്ടര്‍, പനീര്‍, പേഡ, ഐസ്ക്രീമുകള്‍, ഗുലാബ് ജാമുന്‍, പാലട, ചോക്കലേറ്റുകള്‍, സിപ് അപ്, മില്‍ക്ക് ലോലി, മാംഗോ ജൂസ്, റസ്ക്ക്, ഫ്ളേവേര്‍ഡ് മില്‍ക്ക്, കപ്പ് കേക്ക് തുടങ്ങിയ മില്‍മ ഉല്‍പ്പന്നങ്ങള്‍ ഡിസ്കൗണ്ട് വിലയില്‍ ഡെയറിയില്‍ നിന്നും വാങ്ങാനുള്ള അവസരവും ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ക്ഷീരദിനാചരണത്തോടനുബന്ധിച്ച് ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ 21 ന് പൊതുവിജ്ഞാന പ്രശ്നോത്തരിയും 22 ന് പെയിന്‍റിംഗ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 9.30 ന് അമ്പലത്തറ മില്‍മ ഡെയറിയിലാണ് മത്സരങ്ങള്‍ നടക്കുക. ഒരു സ്കൂളില്‍ നിന്ന് ഒരു ടീമിന് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാനാകൂ. പങ്കെടുക്കുന്നവര്‍ milmatd.quiz@gmail.com എന്ന ഇമെയിലില്‍ നവംബര്‍ 20 ന് വൈകിട്ട് 5 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം.

പെയിന്‍റിംഗ് മത്സരത്തിന് വാട്ടര്‍ കളര്‍ മാത്രമേ ഉപയോഗിക്കാവൂ. രണ്ട് മണിക്കൂറാണ് മത്സരസമയം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2382148, 2382562.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക