India

ഇന്ത്യയിലെ എല്ലാ വലിയ ക്ഷേത്രങ്ങളും തകർക്കും ; അലഹബാദ് ഹൈക്കോടതിയും സുപ്രീം കോടതിയും ഇല്ലാതാക്കും ; ഭീഷണി സന്ദേശം പാകിസ്ഥാനിൽ നിന്ന്

Published by

ന്യൂഡൽഹി : പ്രയാഗ്‌രാജ് റെയിൽവേ സ്‌റ്റേഷൻ, അലഹബാദ് ഹൈക്കോടതി, സുപ്രീം കോടതി എന്നിവയ്‌ക്ക് ബോംബ് ഭീഷണി . ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിർമാൺ ട്രസ്റ്റ് പ്രസിഡൻ്റും ജന്മഭൂമി-ഷാഹി ഈദ്ഗാ കേസിലെ ഹർജിക്കാരനുമായ അശുതോഷ് പാണ്ഡെയുടെ വാട്‌സ്ആപ്പിലാണ് ഭീഷണി സന്ദേശം വന്നത്.

പാകിസ്ഥാനി നമ്പറിൽ നിന്നാണ് ശബ്ദ സന്ദേശം വന്നത്. തിങ്കളാഴ്ച രാത്രി 1:37 നും 1:40 നും ഇടയിൽ വാട്‌സ്ആപ്പിൽ പാകിസ്ഥാനി നമ്പറിൽ നിന്ന് 6 ഭീഷണി ശബ്ദ സന്ദേശങ്ങൾ ലഭിച്ചു.ഇതിന് ശേഷം ഉച്ചയ്‌ക്ക് 2.36ന് വാട്‌സ്ആപ്പ് കോളിലൂടെ ഭീഷണി മുഴക്കുകയായിരുന്നു.

ആദ്യം വന്ന സന്ദേശത്തിൽ അലഹബാദ് ഹൈക്കോടതിയും , സുപ്രീം കോടതിയും തകർക്കുമെന്നാണ് പറഞ്ഞിരുന്നത് . മഥുര, ഡൽഹി…ഇന്ത്യയിലെ എല്ലാ വലിയ ക്ഷേത്രങ്ങളും തകർക്കുമെന്നായിരുന്നു രണ്ടാമത്തെ സന്ദേശം . ഇതിനുശേഷം വന്നതിൽ പ്രയാഗ്‌രാജ് സ്റ്റേഷനും തകർക്കുമെന്ന ഭീഷണി ഉണ്ടായിരുന്നു.

അതേസമയം ശ്രീകൃഷ്ണ ജന്മഭൂമിയും ഷാഹി മസ്ജിദ് ഈദ്ഗാഹും തമ്മിലുള്ള 18 കേസുകളുടെ വാദം ഇന്ന് ഉച്ചയ്‌ക്ക് 2 മണി മുതൽ അലഹബാദ് ഹൈക്കോടതിയിൽ ആരംഭിച്ചു . കോടതിയിൽ നിന്ന് വലിയൊരു തീരുമാനമാണ് ശ്രീകൃഷ്ണ ജന്മഭൂമിയുടെ പക്ഷം പ്രതീക്ഷിക്കുന്നത്. ജസ്റ്റിസ് മായങ്ക് ജെയിൻ വിരമിച്ചതിനാൽ ജസ്റ്റിസ് ആർഎം മിശ്രയുടെ കോടതിയാണ് വാദം കേൾക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക