റിയോ ഡി ജനീറോ: ജി20 ഉച്ചകോടിക്കിടെ ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ജനുവരിയിയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായുള്ള പ്രസിഡന്റ് മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനും ജൂണില്‍ ഇറ്റലിയില്‍ ജി 7 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയ്‌ക്കും ശേഷം ഈ വര്‍ഷം ഇരു നേതാക്കളും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.
കൂടിക്കാഴ്ചയില്‍, ഹൊറൈസണ്‍ 2047 രൂപരേഖയിലും മറ്റ് ഉഭയകക്ഷി പ്രഖ്യാപനങ്ങളിലും പ്രതിപാദിക്കുന്ന ഇന്ത്യഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തം, ഉഭയകക്ഷി സഹകരണം, അന്തര്‍ദേശീയ പങ്കാളിത്തം എന്നിവയിലുള്ള പരസ്പര കാഴ്ചപ്പാടുകള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചുറപ്പിച്ചു. പ്രതിരോധം, ബഹിരാകാശം, സിവില്‍ ആണവോര്‍ജം തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ ഉള്‍പ്പെടെയുള്ള ഉഭയകക്ഷി സഹകരണത്തില്‍ കൈവരിച്ച പുരോഗതിയെയും തത്രപരമായ സ്വയംഭരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പരസ്പര പ്രതിബദ്ധതയെയും അവര്‍ പ്രശംസിച്ചു. ഇന്ത്യയുടെ ദേശീയ മ്യൂസിയം പദ്ധതിയിലെ സഹകരണത്തിന്റെ പുരോഗതിയും അവര്‍ അവലോകനം ചെയ്തു.
ഡിജിറ്റല്‍ സാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിലുള്ള ഇന്ത്യ ഫ്രാന്‍സ് പങ്കാളിത്തം തുടങ്ങിയ മേഖലകളില്‍ വ്യാപാരം, നിക്ഷേപം, സാങ്കേതിക ബന്ധങ്ങള്‍ എന്നിവ ശക്തമാക്കിയതിനെ ഇരു നേതാക്കളും പ്രശംസിച്ചു. ഈ സാഹചര്യത്തില്‍, ഫ്രാന്‍സില്‍ എ ഐ ആക്ഷന്‍ ഉച്ചകോടി സംഘടിപ്പിക്കാനുള്ള പ്രസിഡന്റ് മാക്രോണിന്റെ ഉദ്യമത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
ഇന്തോപസഫിക് മേഖല ഉള്‍പ്പെടെയുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ ഇരു നേതാക്കളും പരസ്പര വീക്ഷണങ്ങള്‍ കൈമാറി. ബഹുമുഖവാദത്തെ പുനരുജ്ജീവിപ്പിക്കാനും പരിഷ്‌കരിക്കാനും സുസ്ഥിരമായ ഒരു അന്താരാഷ്‌ട്ര ക്രമം കെട്ടിപ്പടുക്കാനുമായി കൂട്ടായി പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത അവര്‍ ആവര്‍ത്തിച്ചുറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക