Thiruvananthapuram

ആല്‍മരം മുറിക്കാന്‍ ദേവസ്വം ബോര്‍ഡ്; പ്രതിഷേധവുമായി ഭക്തജനങ്ങള്‍

Published by

പെരുങ്കടവിള: അതിപുരാതനമായ തൃക്കടമ്പ് മഹാദേവര്‍ ക്ഷേത്രത്തിലെ രണ്ട് ആല്‍മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറുടെ ഉത്തരവ്. പ്രതിഷേധവുമായി ഭക്തജനങ്ങള്‍. ഭക്തരോ ക്ഷേത്രോപദേശക സമിതിയോ കാര്യം അറിയുന്നത് ഇന്നലെ ഉത്തരവ് പുറത്താകുമ്പോള്‍ മാത്രം.

27 ജന്മനക്ഷത്രങ്ങളെ പ്രതീനിധീകരിച്ച് ക്ഷേത്രവളപ്പില്‍ നട്ട് പരിപാലിച്ച് പൂജിച്ചുപോരുന്ന മരങ്ങളില്‍ ഉള്‍പ്പെട്ടതാണ് ആല്‍മരം. മരം മുറിച്ചു മാറ്റണമെന്ന് ദേവസ്വം ബോര്‍ഡിന് അപേക്ഷ നല്‍കിയത് സമീപവസായും അന്യമതസ്ഥനുമായ എ.ഷിജു എന്ന വ്യക്തിയാണെന്ന് ഉത്തരവില്‍ പറയുന്നു. ഇയാള്‍ ക്ഷേത്ര ചുറ്റുമതിലിനോട് ചേര്‍ത്ത് അടുത്ത കാലത്ത് വീട് നിര്‍മ്മിച്ചിരുന്നു. മരം ശല്യമെന്നുകണ്ടാണ് ദേവസ്വം ബോര്‍ഡിനെ സ്വാധീനിച്ചത്.

അപേക്ഷ ലഭിച്ചതിനെ തുടര്‍ന്ന് സൂചനാ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും പരിശോധിച്ച് തന്ത്രിയുടെ അനുജ്ഞ വാങ്ങി മരങ്ങള്‍ മുറിച്ചു മാറ്റാനാണ് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നത്. അപേക്ഷകന്റെ ചെലവില്‍ ദേവസ്വം ഉദേ്യാഗസ്ഥരുടെ മേല്‍നോട്ടത്തില്‍ മുറിച്ചുമാറ്റുന്ന ആല്‍മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

എന്നാല്‍ ക്ഷേത്രോപദേശക സമിതിയെയോ ഭക്തരെയോ അറിയിക്കാതെ ആല്‍മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ ഒരു ഭക്തന് ഉത്തരവ് ലഭിക്കുകയായിരുന്നു. ഇതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്. ആല്‍മരം മുറിച്ചു നീക്കാനുള്ള ശ്രമത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് ഉപദേശക സമിതി പ്രസിഡന്റ് കമലാസനന്‍ നായര്‍ പറഞ്ഞു.

പരമശിവനും മഹാവിഷ്ണുവും മുഖാമുഖം പ്രതിഷ്ഠയുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃക്കടമ്പ് മഹാദേവര്‍ ക്ഷേത്രം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒറ്റശേഖരമംഗലം സബ്ഗ്രൂപ്പിന് കീഴിലുള്ള ക്ഷേത്രമാണിത്.

ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ഏക്കറുകണക്കിന് ഭൂമി കയ്യേറ്റം കാരണം അന്യാധീനപ്പെട്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. അടുത്തകാലത്ത് സിപിഎം ക്ഷേത്രവളപ്പ് കയ്യേറി പാര്‍ട്ടിപേരില്‍ വിശ്രമകേന്ദ്രം നിര്‍മ്മിച്ചത് വിവാദമാവുകയും ഭക്തരും ഹിന്ദു സംഘടനകളും ചേര്‍ന്ന് ചെറുത്ത് തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ശ്രീകോവിലുകള്‍ സ്ത്രിതിചെയ്യുന്ന ഭൂമി മാത്രമാണ് ക്ഷേത്രത്തിന്റെ ഭാഗമായുള്ളത്.

അനിയന്ത്രിതമായ കയ്യേറ്റത്തിന് ഇരയായിട്ടുള്ള ക്ഷേത്രത്തിന്റെ ചുറ്റുമതിലിന് ഉള്ളില്‍ നില്‍ക്കുന്ന ആല്‍മരങ്ങളാണ് ദേവസ്വം ബോര്‍ഡ് ഉദേ്യാഗസ്ഥര്‍ ക്ഷേത്ര വിരുദ്ധര്‍ക്കൊപ്പം ചേര്‍ന്ന് മുറിച്ചു മാറ്റാന്‍ ശ്രമിക്കുന്നതെന്ന് ഭക്തര്‍ ആരോപിക്കുന്നു. വിവിധ ഹിന്ദു സംഘടനകളും ഭക്തരും പരിസ്ഥിതി സംഘടനകളും വിശ്വാസപരമായി ഏറെ പ്രാധാന്യമുള്ള ആല്‍മരങ്ങള്‍ മുറിക്കുന്നതിന് എതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക