Kerala

കോഴിക്കോട് മെഡി.കോളേജിൽ ചികിത്സകിട്ടാതെ യുവതി മരിച്ചു; കാലിന് വേദനയുമായി എത്തിയ രോഗിക്ക് നൽകിയത് മാനസിക രോഗത്തിനുള്ള ചികിത്സ

Published by

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൃത്യമായ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. പേരാമ്പ്ര കൂത്താളി സ്വദേശി രജനിയാണ് ചൊവ്വാഴ്ച പുലർച്ചെ 2.30-ന് മരിച്ചത്. നാവിന് തരിപ്പും രണ്ട് കാലിന് വേദനയുമായി എത്തിയ യുവതിക്ക് ആദ്യം നൽകിയത് മാനസിക രോഗത്തിനുള്ള ചികിത്സയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ആദ്യം കല്ലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയ രജനിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോളജി വിഭാഗത്തിലേക്ക് റഫർ ചെയ്യുകയായിരുന്നു. നവംബർ നാലിന് വൈകീട്ടോടെ കാഷ്വാലിറ്റിയിൽ എത്തിയ രജനിയ്‌ക്ക് മരുന്നുകൾ നൽകി തിരിച്ചയച്ചു. അന്ന് രാത്രി രോഗം മൂർച്ഛിച്ച രജനിയെ വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ന്യൂറോ വിഭാഗത്തിലെ ഡോക്ടർമാർ പരിശോധിച്ചില്ലെന്നാണ് ആരോപണം.

മൂന്ന് ദിവസം കാഷ്വാലിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞ രജനിയെ വിവിധ പരിശോധനകൾക്ക് വിധേയയാക്കി കുഴപ്പമൊന്നുമില്ല എന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ വേദനകൂടി രോഗി ബഹളം വെച്ചതോടെ സൈക്യാട്രി വിഭാഗത്തിലെ ഡോക്ടർമാർ രജനിയെ പരിശോധിച്ചതെന്നും ബന്ധുക്കൾ പറയുന്നു. അതീവ ഗുരുതരമായ ഗില്ലൈൻ ബാരി സിൻഡ്രം(Guillain-Barre syndrome) രോഗം കണ്ടുപിടിക്കാനോ അതിനുള്ള ചികിത്സ നൽകാനോ ആദ്യഘട്ടത്തിൽ മെഡിക്കൽ കോളജ് അധികൃതർക്ക് കഴിഞ്ഞില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

ഇതിനിടെ കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു ഡോക്ടർ രജനിയെ ന്യൂറോ വിഭാഗത്തിലേക്ക് റഫർ ചെയ്യുകയും ഏഴാം തിയ്യതി ന്യൂറോ വിഭാഗത്തിലേക്ക് മാറ്റുകയുമാണ് ഉണ്ടായത്. ഇവിടെവച്ച് ആരോഗ്യസ്ഥിതി വഷളായതോടെ ഐസിയുവിലേക്ക് മാറ്റി. ‌വെന്റിലേറ്റർ സഹായത്തിൽ കഴിയവേ ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്.

രജനിയ്‌ക്ക് ചികിത്സ വൈകിയതിനെ തുടർന്ന് ഭർത്താവ് ​ഗിരീഷ് സൂപ്രണ്ടിന് പരാതി നൽകിയെന്നും ബന്ധുക്കൾ പറയുന്നു. ഈ പരാതിയിൽ അന്വേഷണത്തിനായി സൂപ്രണ്ട് മൂന്നംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചെന്നും എന്നാൽ കൃത്യമായ മറുപടിയോ ചികിത്സയോ കിട്ടിയില്ലെന്നും കുടുംബം ആരോപിക്കുന്നു. പേരാമ്പ്ര പോലീസിനും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. രജനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക