Thrissur

ഗുരുവായൂര്‍ ഏകാദശി: ക്ഷേത്രനഗരി ആഘോഷ ലഹരിയില്‍

Published by

ഗുരുവായൂര്‍: ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായി ക്ഷേത്രനഗരി ആഘോഷ ലഹരിയുടെ നിറവിലാണ്. ഏകാദശി ദിനമുള്‍പ്പടെ 31 ദിവസം നടക്കുന്ന വിളക്കാഘോഷത്തിന് ദിവസവും രാവിലേയും, ഉച്ചയ്‌ക്കും മൂന്നാനകളോടേയുള്ള കാഴ്‌ച്ചശീവേലി, സന്ധ്യയ്‌ക്ക് പ്രഗദ്ഭരുടെ തായമ്പക എന്നിവയോടെ വിളക്കാഘോഷം കെങ്കേമമാകുകയാണ്.

രാത്രി വിളക്കെഴുന്നെള്ളിന് ക്ഷേത്രം ചുറ്റമ്പലത്തിലെ ചുറ്റുവിളക്കുകള്‍ നറുനെയ്യിന്റെ നിറശോഭയില്‍ തെളിഞ്ഞുനില്‍ക്കുമ്പോള്‍ ക്ഷേത്രാങ്കണം ഉത്സവലഹരിയിലമരും.
വിളക്കാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിന് പുറത്ത് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറുന്നുണ്ട്. ഏകാദശിയോടനുബന്ധിച്ചുള്ള ചുറ്റുവിളക്ക് മഹോത്സവത്തിന്റെ 8-ാം ദിവസമായ ഇന്നലെ, പോലീസ് വിളക്ക് ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു.

രാവിലേയും, ഉച്ചയ്‌ക്കും കക്കാട് രാജപ്പന്‍ മാരാരുടെ മേളപ്രമാണത്തില്‍ നടന്ന മൂന്നാനകളോടേയുള്ള കാഴ്‌ച്ചശീവേലി, വിളക്കാഘോഷത്തിന് മാറ്റുകൂട്ടി. ക്ഷേത്രത്തിനകത്ത് സന്ധ്യയ്‌ക്ക് കക്കാട് രാജപ്പന്‍ മാരാര്‍, അതുല്‍ കെ. മാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തായമ്പകയും അരങ്ങേറി. രാവിലെ 10.30 മുതല്‍ പോലീസ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ക്ക് ശേഷം, വൈകീട്ട് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌ക്കാരിക സന്ധ്യ, നോര്‍ത്ത് സോണ്‍ ഐ.ജി കെ. സേതുരാമന്‍ ഉദ്ഘാടനം ചെയ്തു. റിട്ട. പോലീസ് സൂപ്രണ്ട് ആര്‍.കെ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു.

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവര്‍ മുഖ്യാതിഥികളായി.വിളക്കാഘോഷത്തിന്റെ 9-ാം ദിവസമായ ഇന്ന് ഗുരുവായൂര്‍ ജി.ജി. കൃഷ്ണയ്യര്‍, ജി.കെ. ഗോപാലകൃഷ്ണന്‍ (രാമകൃഷ്ണാ ലഞ്ച് ഹോം) എന്നിവരുടെ വിളക്കാഘോഷം നടക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts