ചാവക്കാട്: വഖഫ് അധിനിവേശം നടത്തിയിട്ടുള്ള ചാവക്കാട് മേഖലകളില്‍ ഇരകളെ കബളിപ്പിക്കാന്‍ നാടകം കളിക്കുകയാണ് സിപിഎം- കോണ്‍ഗ്രസ്സ് മുന്നണികള്‍.
ഒരുമനയൂര്‍,പാലയൂര്‍ മേഖലകളില്‍ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്കിയ വഖഫ് ബോര്‍ഡ് മണത്തല വില്ലേജില്‍ നൂറിലധികം കുടുംബങ്ങളുടെ ക്രയവിക്രയാവകാശം തടഞ്ഞുവെച്ചിരിക്കുകയാണ്.
വിഷയം അറിഞ്ഞ ബിജെപി ചാവക്കാട് നേതൃത്വം രേഖകള്‍ സഹിതം പ്രദേശവാസികളുടെ നിവേദനങ്ങള്‍ കേന്ദ്രസര്‍ക്കാരിലേക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി ബിജെപി നുണപ്രചാരണം നടത്തുകയാണെന്നാണ് എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നത്.ചാവക്കാട് നഗരസഭയില്‍ ഇരുകൂട്ടരും ബിജെപിക്കെതിരെ ഐക്യകണ്ഠ്യേണ പ്രമേയവും പാസ്സാക്കി.ഒരുമനയൂര്‍ വില്ലേജ് പരിധിയില്‍ വഖഫ് ബോര്‍ഡിന്റെ കുടിയൊഴിപ്പിക്കല്‍ നോട്ടിസ് കിട്ടിയ വിഷയത്തെ നിസ്സാരവത്കരിച്ചുകൊണ്ടുള്ള പ്രസ്താവനയായിരിന്നു മുന്‍ എംഎല്‍യും,വഖഫ് ബോര്‍ഡ് ചെയര്‍മാനുമായിരുന്ന കെ.വി.അബ്ദുല്‍ ഖാദറിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
ചാവക്കാട് മണത്തലയിലെ വഖഫ് വിഷയം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അവിടുത്തെ ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ച് പ്രാദേശിക സിപിഎം നേതൃത്വം ഒതുക്കിവെച്ചിരിക്കുകയായിരുന്നു.പക്ഷെ എല്‍ഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗം മണത്തലയില്‍ വഖഫ് കുടിയിറക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 30-ന് ചാവക്കാട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ വെട്ടിലായിരിക്കുകയാണ് സിപിഎം.മാത്രവുമല്ല നഗരസഭയില്‍ പ്രമേയം പാസാക്കാന്‍ കൂട്ട് നിന്നെങ്കിലും സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം കോണ്‍ഗ്രസ്സ് നേതാക്കള്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരിക്കുകയാണ്.കൃത്യമായ രേഖകള്‍ ശേഖരിച്ച്,വിഷയം ബാധിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളിലെതടക്കമുള്ള കുടുംബങ്ങളുടെ കൂടി അഭ്യര്‍ത്ഥന കണക്കിലെടുത്താണ് ബിജെപി ചാവക്കാട്ടെ വഖഫ് അതിക്രമം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: