ന്യൂദല്‍ഹി: കലാപം തുടരുന്ന മണിപ്പൂരില്‍ അക്രമികള്‍ക്കെതിരെ എന്‍ഐഎയെ വിന്യസിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തിലെ തീരുമാനപ്രകാരമാണ് മണിപ്പൂരിലേക്ക് എന്‍ഐഎയെക്കൂടി നിയോഗിച്ചത്.
ഇതോടെ ഇരുവിഭാഗത്തെയും ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ ഭീകരവാദവിരുദ്ധ നിയമവും യുഎപിഎയും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങി. ഇംഫാലില്‍ 13 എംഎല്‍എമാരുടെ വീടുകള്‍ അക്രമികള്‍ തകര്‍ത്തതും മന്ത്രിമാരെ അടക്കം അക്രമിക്കാന്‍ ശ്രമിച്ചതുമാണ് കേന്ദ്രസേനകള്‍ക്കൊപ്പം എന്‍ഐഎയെക്കൂടി സംസ്ഥാനത്ത് വിന്യസിക്കാന്‍ കാരണം.
ജിറിബാം ജില്ലയില്‍ നടന്ന കൊലപാതക സംഭവങ്ങളെ തുടര്‍ന്നാണ് ഒരിടവേളയ്‌ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നത്. മെയ്തേയ് വിഭാഗത്തിലെ മൂന്നു സ്ത്രീകളെയും മൂന്നു കുട്ടികളെയും കുക്കികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതോടെയാണ് ഇംഫാലില്‍ പ്രതിഷേധം ശക്തമാകുന്നത്. ഇതില്‍ ഒരു കുട്ടിയുടെയും സ്ത്രീയുടേയും മൃതശരീരങ്ങള്‍ മണിപ്പൂര്‍-അസം അതിര്‍ത്തിയില്‍ നിന്ന് കണ്ടുകിട്ടിയതിന് പിന്നാലെയാണ് സംഘര്‍ഷം വ്യാപിക്കുന്നത്. സംഘര്‍ഷം കണക്കിലെടുത്ത് ഇംഫാലിലെ സ്‌കൂളുകള്‍ രണ്ടുദിവത്തേക്ക് അടച്ചിട്ടു. ഏഴു ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക