സാധാരണ ക്ഷേത്രങ്ങളില്‍ ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നീ മൂന്നു പൂജകളാണ് പതിവ്. മഹാക്ഷേത്രങ്ങളില്‍ സൂര്യപ്രകാരം ബിംബത്തില്‍ തട്ടുമാറ് സൂര്യന് ഉദിച്ചുയരുമ്പോള്‍ എതൃത്ത് പൂജയും, പഴയ കാലത്ത് നിഴല്‍ അളന്ന് പന്ത്രണ്ട് അടി വരുന്ന സമയത്ത് (ഉച്ചപൂജയ്ക്കു മുമ്പായി) പന്തീരടി പൂജയും പതിവുണ്ട്.
ഇതു കൂടാതെ മൂന്ന് ശീവേലികളും നിത്യവും നടത്തി വരുന്നു.നിത്യശീവേലി എന്നാണിതിനെ പറയുക. പാണി കൊട്ടി ദേവനെ പുറത്തേക്കെഴുന്നള്ളിച്ച് ക്ഷേത്രത്തിനകത്തെ സപ്തമാതൃക്കള്‍ക്കും ദിക് പാലകന്മാര്ക്കും ബലിതൂവുമ്പോള്‍ തിമില, വീക്കന്‍ ചെണ്ട, ചേങ്ങില (ഇപ്പോള്‍ ഇലത്താളവും ഉപയോഗിക്കാറുണ്ട്) എന്നിവ കൊട്ടിവരുന്നു.
ദേവനെ അകത്തെ ബലി തൂവല്‍ കഴിഞ്ഞ് പുറത്തേക്കെഴുന്നള്ളിച്ചാല്‍ വലിയ ബലിക്കല്ലിലും പുറത്തെ പ്രദക്ഷിണ വഴിക്കകത്തുള്ള പുറത്തെ ബലിക്കല്ലുകളിലും ബലി തൂവുന്നു. ഒന്നാമത്തെ പ്രദക്ഷിണത്തിന്, തിമില, വീക്കന്‍ചെണ്ട, ചേങ്ങില, ഇലത്താളം, കൊമ്പ് കുഴല്‍ ഇവയും രണ്ടാമത്തെ പ്രദക്ഷിണത്തിന് ഉരുട്ടുചെണ്ടയില്‍ ചെമ്പടയും (കൂടെ വീക്കന്‍, ചേങ്ങില, ഇലത്താളം, കൊമ്പ്, കുഴല്‍) മൂന്നാമത്തെ പ്രദക്ഷിണത്തിന് തിമില, വീക്കന്‍,ചേങ്ങില, ഇലത്താളം, കൊമ്പ് കുഴല്‍ എന്നീ വാദ്യങ്ങളുമുപയോഗിക്കുന്നു. ഇപ്പോള്‍ ഒന്നാമത്തെ പ്രദക്ഷിണത്തിന് ചിലയിടത്ത് നാദസ്വരവും ഉപയോഗിക്കുന്നുണ്ട്. വീക്കന്‍ചെണ്ട, തിമില, ചെണ്ട, ചേങ്ങില ഇവ നിര്‍ബന്ധം, ഇലത്താളവും കൊമ്പും കുഴലും ഉണ്ടെങ്കില്‍ ആവാമെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: