Cricket

സി.കെ. നായിഡു ട്രോഫി: തമിഴ്നാടിനെ തകര്‍ത്ത് കേരളം; വരുണിന് രണ്ടാം സെഞ്ച്വറി, പവന്‍രാജിന് 13 വിക്കറ്റ്

Published by

കൃഷ്ണഗിരി (വയനാട്): സി.കെ. നായിഡു ട്രോഫിക്കായുള്ള ക്രിക്കറ്റ് പോരാട്ടത്തില്‍ കേരളത്തിന് ഉജ്ജ്വല വിജയം. തമിഴ്‌നാടിനെ 199 റണ്‍സിന് പരാജയപ്പെടുത്തി. കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആവേശം നിറഞ്ഞ അവസാന ദിനം വരുണ്‍ നയനാരിന്റെ വെടിക്കെട്ട് ബാറ്റിങ്ങും പവന്‍രാജിന്റെ വിക്കറ്റ് വേട്ടയുമാണ് ജയത്തിന് വഴിയൊരുക്കിയത്. ഇതാദ്യമായാണ് സി.കെ. നായിഡു ട്രോഫിയില്‍ തമിഴ്നാടിനെതിരെ കേരളം വിജയം സ്വന്തമാക്കുന്നത്. നേരത്തെ 11 തവണ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ എട്ട് തവണയും വിജയം തമിഴ്നാടിന് ഒപ്പമായിരുന്നു. മൂന്ന് മത്സരങ്ങള്‍ സമനിലയിലും പിരിഞ്ഞു.

ആദ്യ ഇന്നിങ്സില്‍ 109 റണ്‍സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്സില്‍ 248/8ന് ഡിക്ലയര്‍ ചെയ്ത് തമിഴ്നാടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 358 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് കളിക്കാനിറങ്ങിയ തമിഴ്നാടിന്റെ ബാറ്റിങ്നിര പവന്‍ രാജിന്റെ കരുത്തുറ്റ ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ 158 ന് പുറത്തായി. ഏഴ് വിക്കറ്റുകളാണ് പവന്‍രാജ് രണ്ടാം ഇന്നിങ്‌സില്‍ വീഴ്‌ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ വീഴ്‌ത്തിയ പവന്‍രാജ് മത്സരത്തില്‍ ആകെ 13 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. തമിഴ്നാടിന്റെ ഓപ്പണര്‍ ആര്‍. വിമല്‍ (37), സണ്ണി (31) എന്നിവര്‍ക്ക് മാത്രമാണ് അല്‍പമെങ്കിലും കേരളത്തിന്റെ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായത്.

മൂന്നിന് 90 റണ്‍സെന്ന നിലയില്‍ അവസാന ദിനം ഇന്നിങ്സ് പുനരാരംഭിച്ച കേരളത്തിനായി ഒരു സിക്സും 13 ഫോറുമുള്‍പ്പെടെയാണ് വരുണ്‍ 112 റണ്‍സെടുത്തത്. ആദ്യ ഇന്നിങ്സിലും വരുണ്‍ (113) സെഞ്ച്വറി കരസ്ഥമാക്കിയിരുന്നു. രോഹന്‍ നായര്‍ (58) അര്‍ദ്ധ സെഞ്ച്വറിയും നേടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക