Football

യുവേഫ നാഷന്‍സ് ലീഗ്: അയര്‍ലന്‍ഡിനെ തകര്‍ത്ത് ഇംഗ്ലണ്ട്

Published by

ലണ്ടന്‍: യുവേഫ നാഷന്‍സ് ലീഗ് ബി 2ല്‍ ഇംഗ്ലണ്ടിന് ഗംഭീര വിജയം. വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് അയര്‍ലന്‍ഡിനെ തകര്‍ത്തു. രണ്ടാം പകുതിയിലാണ് അഞ്ച് ഗോളുകളും പിറന്നത്. 53-ാം പെനാല്‍റ്റിയിലൂടെ ഹാരി കെയ്ന്‍, 55-ാം മിനിറ്റില്‍ ആന്റണി ഗോര്‍ഡന്‍, 58-ാം മിനിറ്റില്‍ കോണര്‍ ഗല്ലഹര്‍, 76-ാം മിനിറ്റില്‍ ജറോഡ് ബോവന്‍, 79-ാം മിനിറ്റില്‍ ടെയ്‌ലര്‍ ബെല്ലിസ് എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി ഗോള്‍ നേടിയത്. ജയത്തോടെ ലീഗ് ബി ഗ്രൂപ് രണ്ടില്‍ ഇംഗ്ലണ്ട് ഒന്നാതെത്തി ലീഗ് എയിലേക്ക് മുന്നേറി.

കളിയില്‍ ഇംഗ്ലണ്ടിന്റെ സമ്പൂര്‍ണാധിപത്യമായിരുന്നു. എങ്കിലും ആദ്യ പകുതിയില്‍ അവരെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുനിര്‍ത്താന്‍ അയര്‍ലന്‍ഡിനായി.

എന്നാല്‍ 51-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട ലിയാം സ്‌കെയില്‍സ് പുറത്തുപോയതോടെയാണ് അയര്‍ലന്‍ഡിന് മത്സരം കൈവിട്ടുപോയത്. പിന്നീടാണ് ഇംഗ്ലണ്ടിന്റെ ഗോളടി മേളം ഉണ്ടായത്. ജൂഡ് ബെല്ലിങ്ഹാമിനെ ബോക്‌സിനുള്ളില്‍ ലിയാം സ്‌കെയില്‍സ് വീഴ്‌ത്തിയതിനെ തുടര്‍ന്നാണ് താരത്തിന് രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ മാച്ചിങ് ഓര്‍ഡറും ലഭിച്ചത്. ഈ ഫൗളിന് ഇംഗ്ലണ്ടിന് പെനാല്‍റ്റിയും ലഭിച്ചു. കിക്കെടുത്ത നായകന്‍ ഹാരി കെയ്ന്‍ അയര്‍ലന്‍ഡ് ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ പന്ത വലയിലെത്തിച്ചു. രണ്ട് മിനിറ്റിനുശേഷം ആന്റണി ഗോര്‍ഡനും, 58-ാം മിനിറ്റില്‍ കോണര്‍ ഗല്ലഹറും ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് 3-0ന് മുന്നിലെത്തി. അതിനുശേഷം ജറോഡ് ബോവന്‍, ടെയ്‌ലര്‍ ബെല്ലിസ് എന്നിവരും ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ടിന് ഗംഭീര വിജയം സ്വന്തമായി.

മറ്റൊരു മത്സരത്തില്‍ ഫിന്‍ലാന്‍ഡിലെ ഗ്രീസ് എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി. ഗ്രീസാണ് രണ്ടാമത്. ഇംഗ്ലണ്ടിനും ഗ്രീസിനും 15 പോയിന്റ് വീതമുണ്ടെങ്കിലും മികച്ച ഗോള്‍ ശരാശരിയിലാണ് ഇംഗ്ലണ്ട് ഒന്നാമതായത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by