Kerala

മുനമ്പം; മുസ്ലീം ലീഗ് നേതാക്കള്‍ ലത്തീന്‍ ബിഷപ്പുമാരെ കണ്ടു, ചര്‍ച്ച പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

Published by

എറണാകുളം: മുനമ്പം ഭൂമിയില്‍ വക്കഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരിക്കെ പ്രശ്‌നത്തില്‍ മുസ്ലീം ലീഗ് നേതാക്കളുടെ ഇടപെടല്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ലത്തീന്‍ ബിഷപ്പുമാരുമായി മുസ്ലിം ലീഗ് നേതാക്കള്‍ കൂടിക്കാഴ്‌ച്ച നടത്തി.

ലീഗിന്റെ ഇടപെടലിനെ മുനമ്പം ഭൂസംരക്ഷണ സമിതി സ്വാഗതം ചെയ്തു. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ശിഹാബ് അലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് മെത്രാന്‍ സമിതിയുമായി വരാപ്പുഴ അതിരൂപത ബിഷപ്പ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയത്.

മുനമ്പം വിഷയം പരിഹരിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ഉറപ്പ് നല്‍കി, പ്രശ്‌നപരിഹാരത്തിനായി മുസ്ലീം ലീഗ് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ടെന്ന് കോഴിക്കോട് രൂപതാ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.ലീഗ് – ലത്തീന്‍ സഭ ചര്‍ച്ചയില്‍ ഉണ്ടായ ധാരണാ നിര്‍ദേശം മുഖ്യമന്ത്രിയെ അറിയിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.

മുസ്ലീം ലീഗ് തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുളള ഇടപെടല്‍ നടത്തവെ സമസ്തയില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനെ എതിര്‍ത്ത് ഒരു വിഭാഗം രംഗത്തുണ്ട്. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്നും അത് തിരിച്ചു പിടിക്കണമെന്നുമാണ് ഇക്കൂട്ടരുടെ ആവശ്യം. എ പി കാന്തപുരം വിഭാഗവും ഈ നിലപാടാണ് സ്വീകരിച്ചിട്ടുളളത്.

മുനമ്പം പ്രദേശവാസികള്‍ ഒക്ടോബര്‍ 13 മുതല്‍ റിലേ നിരാഹാര സമരം ആരംഭിച്ചിരുന്നു. സമരത്തിന് ബിജെപി പിന്തുണ നല്‍കുന്നുണ്ട്. എസ് എന്‍ ഡി പി യോഗം കഴിഞ്ഞ ദിവസം സമരത്തിന് ഐക്യദാര്‍ഢ്യവുമായി മനുഷ്യ ചങ്ങല സൃഷ്ടിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക