India

ദൽഹിയിലെ വായു മലിനീകരണം : എഎപി സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി

Published by

ന്യൂദല്‍ഹി : ദല്‍ഹിയിലെ വായു മലിനീകരണത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. മലിനീകരണം നിയന്ത്രിക്കുന്നതിന് ദല്‍ഹി സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു.

ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ സ്റ്റേജ് 3 നടപ്പിലാക്കാന്‍ വൈകിയതിനെയും കോടതി വിമര്‍ശിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കരുതെന്നും സര്‍ക്കാരിന് കോടതി താക്കീത് നല്‍കി .

അതേ സമയം വായു മലിനീകരണത്തില്‍ ശ്വാസം മുട്ടിയിരിക്കുകയാണ് ദല്‍ഹി. കാഴ്ചാപരിധി 200 മീറ്ററില്‍ താഴെയായി കുറഞ്ഞു. തലസ്ഥാനത്തെ അവസ്ഥ മോശമായതിനാല്‍ ഇന്നുമുതല്‍ ആക്ഷന്‍ പ്ലാന്‍ സ്റ്റേജ് 4 ആണ് നടപ്പിലാക്കിയിരിക്കുന്നത്.

ഇന്ന് പലയിടങ്ങളിലും രേഖപ്പെടുത്തിയ വായുഗുണ നിലവാര സൂചിക 700നും മുകളിലാണ്. 10, 12 ക്ലാസുകള്‍ ഒഴികെയുള്ളവര്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കിയിരിക്കുകയാണ്. 9, 11 ക്ലാസുകള്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓഫ്‌ലൈൻ ക്ലാസുകള്‍ നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളുടെയും മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വായു മലിനീകരണം രൂക്ഷമാകുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ് ദല്‍ഹി സര്‍ക്കാര്‍. എന്നാൽ തൊട്ടടുത്ത എഎപി ഭരിക്കുന്ന പഞ്ചാബിൽ വൈക്കോൽ കൂനകൾ കത്തിക്കുന്ന കേസുകൾ വർധിക്കുകയാണ്.

പഞ്ചാബിൽ ഞായറാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 400ലധികം പുതിയ വൈക്കോൽ തീപിടിത്തങ്ങളാണ്. ഇതോടെ ഈ സീസണിൽ സംസ്ഥാനത്ത് ഇത്തരം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 8,404 ആയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by