ശബരിമലയുമായി ബന്ധപ്പെട്ട് ഐതിഹ്യ പ്രധാനമായ നിരവധി ക്ഷേത്രങ്ങളും സംഭവങ്ങളും കേരളത്തിലെ വിവിധ ദേശങ്ങളിലണ്ട്. തീര്‍ത്ഥാടനവഴിയില്‍ ഭക്തജനങ്ങള്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്താറുണ്ട്. എറണാകുളം ജില്ലയിലെ മഞ്ഞപ്രയിലെ ആക്കുന്ന് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രവും ആലങ്ങാട്ട് യോഗവുമെല്ലാം ഇത്തരത്തിലുള്ളതാണ്. ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയില്‍ നിന്നും ഏകദേശം നാലു കിലോമീറ്റര്‍ വടക്ക്കിഴക്ക് മാറിയുള്ള മഞ്ഞപ്ര ഗ്രാമത്തിലാണ് ചരിത്രപ്രസിദ്ധമായ ആക്കുന്ന് ശ്രീ ധര്‍മ്മശാസ്താക്ഷേത്രം. പ്രാചീനകാലത്ത് ഈ പ്രദേശം ആലങ്ങാട് സ്വരൂപത്തില്‍ ഉള്‍പ്പെട്ടതായിരുന്നു. 1764 ലാണ് ആലങ്ങാടും പറവൂരും തിരുവിതാംകൂറിനോട് ചേര്‍ന്നത്.
ക്ഷേത്ര ചരിത്രത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. മഞ്ഞപ ഗ്രാമം ആലങ്ങാട്ട് മണ്ഡപത്തില്‍(പഴയ ജില്ല) ഉള്‍പ്പെട്ട പ്രവര്‍ത്തി(വില്ലേജ്) ആയിരുന്നു. ഈ പ്രവര്‍ത്തിയുടെ അന്നത്തെ ഭരണത്തലവന്‍ (ചന്ദ്രക്കാരന്‍)അമ്പാടത്ത് കേശവ പിളള ആയിരുന്നു. ഒരിക്കല്‍ തിരുവിതാംകൂറിനോട് പുതിയതായി ചേര്‍ത്ത പ്രദേശങ്ങളുടെ കരം മുതലായവയുടെ ‘എഴുതിതീര്‍ച്ചയ്‌ക്കായി തിരുവനന്തപുരത്തെത്തിയ കേശവപിളളയ്‌ക്ക് ഔദ്യോഗിക ചുമതലകളെല്ലാം പൂര്‍ത്തിയാക്കിയിട്ടേ നാട്ടിലേക്ക് വരാന്‍ സാധിച്ചുള്ളു.
ആലങ്ങാട്ട് സ്വരൂപത്തിന്റെ പെരിയോന്‍ കൂടിയായ അദ്ദേഹം എല്ലാ വര്‍ഷവും ശബരിമല ദര്‍ശനം നടത്താറുണ്ടായിരുന്നു. ഔദ്യോഗിക ചുമതലകളെല്ലാം തീര്‍ത്ത് ശബരിമല ദര്‍ശനത്തിനായി നാട്ടില്‍ എത്തിച്ചേര്‍ന്നപ്പോള്‍ മറ്റ് അയ്യപ്പക്തഭക്തന്മാരെല്ലാം ശബരിമലയ്‌ക്ക് പോയിക്കഴിഞ്ഞിരുന്നു. മകനായി അമ്മ പളളിക്കെട്ടിന് വേണ്ട ഒരുക്കങ്ങള്‍ നടത്തിയിരുന്നു. പളളിക്കെട്ട് നിറച്ച് അദ്ദേഹം ഏകനായി മകരവിളക്ക് ദര്‍ശനത്തിനായി പുറപ്പെട്ടു. എകനായി പുറപ്പെട്ട കേശവപിള്ളയ്‌ക്ക് മദ്ധ്യവയസ്‌ക്കനായ ഒരു ബ്രാഹ്മണനെ കുറച്ചുദൂരം ചെന്നപ്പോള്‍ സഹയാത്രികനായി ലഭിച്ചു. സന്ധ്യയോടടുത്തപ്പോള്‍ ഇവര്‍ ഒരു ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി യാത്ര തുടരാമെന്ന് തീരുമാനിച്ചു.
ഒരു ശിലയും, ഭസ്മസഞ്ചിയും മുദ്രവടിയും കൂടെയുണ്ടായിരുന്ന ബ്രാഹ്മണന്‍ കേശവപിളളയെ ഏല്‍പ്പിച്ചിട്ട് ക്ഷേത്രത്തിലേയ്‌ക്ക് പ്രവേശിച്ചു. ദീപാരാധന തൊഴുതശേഷം ബാഹ്മണനെ കാത്തിരുന്ന അദ്ദേഹം ഉറങ്ങിപ്പോയി. ആരോ തന്നെ വിളിക്കുന്നതായി തോന്നി ഉണര്‍ന്നു നോക്കിയപ്പോള്‍ ശബരിമല പൊന്നുപതിനെട്ടാം പടിയില്‍ അനേകം അയ്യപ്പഭക്തന്മാരുടെ മദ്ധ്യത്തില്‍ നില്‍ക്കുന്നതായി അദ്ദേഹത്തിനു അനുഭവപ്പെട്ടു. തന്നെ വന്നു വിളിച്ചയാള്‍ ആരെന്നോ, തന്റെ കൂടെ വന്നയാള്‍ എവിടെയെന്നോ ഒന്നും അറിയില്ലായിരുന്നു. സ്വാമിദര്‍ശനം നടത്താനും മകരജ്യോതി ദര്‍ശിക്കുവാനും കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹം കൊണ്ടായിരുന്നുവെന്ന് അദ്ദേഹത്തിനു ബോധ്യമായി. അയ്യപ്പന്മാരെല്ലാം മലയിറങ്ങിയിട്ടും ശിലയും ഭസ്മസഞ്ചിയും മുദ്രവടിയും ആരെ ഏല്‍പ്പിക്കണമെന്നോ എന്തു ചെയ്യണമെന്നോ അറിയാതെ നില്‍ക്കുന്ന കേശവപിളളക്ക് പഴയ ബ്രാഹ്മണന്‍ ദര്‍ശനം നല്‍കി. ശില ‘ആ കുന്നില്‍’ (ബ്രാഹ്മണനെ ആദ്യം കണ്ട സ്ഥലം) പ്രതിഷ്ഠിക്കുക. ഭസ്മസഞ്ചിയും മുദ്രവടിയും സ്വഗൃഹത്തില്‍ സൂക്ഷിക്കുവാനും തന്റെ സാന്നിദ്ധ്യം എന്നും അവിടെ ഉണ്ടാകുന്നതാണെന്ന് അരുളിച്ചെയ്ത ശേഷം ബ്രാഹ്മണന്‍ അന്തര്‍ദ്ധാനം ചെയ്തു.
ആ അരുളപ്പാട് അനുസരിച്ച് പ്രതിഷ്ഠിച്ചതാണ് ആക്കുന്ന് ശ്രീ ധര്‍മ്മശാസ്താക്ഷേത്രം. ആ കുന്ന് കാലക്രമത്തില്‍ ആക്കുന്ന് എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. ഭസ്മസഞ്ചിയും മുദ്രവടിയും അമ്പാടത്ത് കുടുംബത്തില്‍ ഇപ്പോഴും സൂക്ഷിച്ചു വരുന്നു.
അവതാര ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ശബരീ പീഠത്തിലേയ്‌ക്ക് പുറപ്പെട്ട അയ്യപ്പസ്വാമിയെ പിന്‍പെ അകമ്പടി സേവിക്കാന്‍ നിയുക്തമായത് ആലങ്ങാട്ട് യോഗക്കാരായിരുന്നു. ആലങ്ങാട്ട് യോഗത്തിന്റെ പെരിയോന്‍ സ്ഥാനം അമ്പാടത്ത് തറവാട് കാരണവരായിരുന്ന തങ്കപ്പമേനോനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷം ഇപ്പോള്‍ പെരിയോന്‍ വിജയന്‍ ആലങ്ങാട്ടാണ്.
എല്ലാവര്‍ഷവും ഐതിഹ്യപ്രധാനമായ പേട്ടത്തുള്ളലിന് ആലങ്ങാട്ട് യോഗക്കാര്‍ നേതൃത്വം നല്കാറുണ്ട്. എരുമേലിയിലും ശബരിമലയിലും പരമ്പരാഗതമായ സ്ഥാനങ്ങളും അവകാശങ്ങളും ആനുകൂല്യങ്ങളും ഇപ്പോഴും നിലനില്ക്കുന്നുണ്ട്. ആക്കുന്ന് ശ്രീധര്‍മ്മശാസ്താ ക്ഷേത്ര സേവാസമിതിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ ക്ഷേത്രം മുന്നോട്ട് പോ
കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: