അബുജ (നൈജീരിയ): പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരമോന്നത ദേശീയ ബഹുമതി നല്കി ആദരിച്ച് നൈജീരിയ. ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് നൈജര്‍ ബഹുമതിയാണ് പ്രധാനമന്ത്രിക്ക് നൈജീരിയ നല്‍കിയത്. ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ വിശിഷ്ട വ്യക്തിയായി നരേന്ദ്ര മോദി. നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവില്‍ നിന്നാണ് പ്രധാനമന്ത്രി ബഹുമതി സ്വീകരിച്ചത്. 1969ല്‍ എലിസബത്ത് രാജ്ഞിക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന വിദേശ വിശിഷ്ട വ്യക്തിത്വമാണ് മോദി. പ്രധാനമന്ത്രിക്ക് ലഭിക്കുന്ന പതിനേഴാമത്തെ അന്താരാഷ്ട്ര ബഹുമതിയാണിത്.
നൈജീരിയയുടെ ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് നൈജര്‍ ബഹുമതി വളരെ വിനയത്തോടെ സ്വീകരിച്ചതായി പ്രധാനമന്ത്രി പ്രതികരിച്ചു. ഈ ബഹുമതി ഭാരതത്തിലെ 140 കോടി ജനങ്ങള്‍ക്കും ഭാരതത്തിന്റെയും നൈജീരിയയുടെയും സൗഹൃദത്തിനും സമര്‍പ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രിക്ക് ഇന്നലെ നൈജീരിയ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബ് ആചാരപരമായ സ്വീകരണവും ഒരുക്കിയിരുന്നു. ഇരുവരും ചര്‍ച്ചയും നടത്തി. ടിനുബുവുമായി നടത്തിയ ചര്‍ച്ച വളരെ ഫലപ്രദമായെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. തന്ത്രപരമായ പങ്കാളിത്തത്തിന് ആക്കം കൂട്ടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. പ്രതിരോധം, ഊര്‍ജം, സാങ്കേതികവിദ്യ, വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടാന്‍ വലിയ സാധ്യതകളുണ്ടെന്നും മോദി കുറിച്ചു. നൈജീരിയയിലെ ഭാരതസമൂഹവുമായി പ്രധാനമന്ത്രി സംവദിച്ചു. 17 വര്‍ഷത്തിന് ശേഷമാണ് ഒരു ഭാരത പ്രധാനമന്ത്രി നൈജീരിയ സന്ദര്‍ശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: