Kerala

സന്ദീപ് വാര്യരുടേത് രാഷ്ടീയമൃത്യുവെന്ന് വിദഗ്ധര്‍; ലക്ഷ്യം ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നതോ?

Published by

തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് കൂടുമാറിയ സന്ദീപ് വാര്യരുടെ തീരുമാനം രാഷ്‌ട്രീയമായ മരണത്തിന് തുല്ല്യമാണെന്ന് രാഷ്‌ട്രീയവിദഗ്ധര്‍. കോണ്‍ഗ്രസില്‍ നിന്നും എച്ചില്‍ കിട്ടിയാലും ഒരു രാഷ്‌ട്രീയ നേതാവ് എന്ന നിലയ്‌ക്കുള്ള അദ്ദേഹത്തിന്റെ ഭാവി ഇരുളടഞ്ഞുപോകുമെന്ന് തന്നെയാണ് രാഷ്‌ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

സിപിഎമ്മിലേക്ക് പോകാനായിരുന്നു സന്ദീപിന്റെ പദ്ധതിയെങ്കിലും കൂടുമാറ്റത്തിന് ചുക്കാന്‍ പിടിച്ച കോണ്‍ഗ്രസ് അധ്യാപകസംഘടനാ നേതാവ് ഹരി ഗോവിന്ദന്‍ പറയുന്നത് ബിജെപിയുടെ ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിക്കൊന്ന സിപിഎമ്മിലേക്ക് പോകാന്‍ എങ്ങിനെ മനസ്സ് വന്നുവെന്ന ചോദ്യമാണ് സന്ദീപ് വാര്യരെ സിപിഎം വിട്ട് കോണ്‍ഗ്രസിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത് എന്നാണ്. “കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയത് ഒമ്പത് തവണമാത്രമാണ്. അതിലുമധികം തവണ രാഹുല്‍ പട്ടായ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍പിന്നെ മൂപ്പര്‍ക്ക് തായ് ലാന്‍റ് ഇലക്ഷനില്‍ മത്സരിച്ചാല്‍ പോരേ?”- സന്ദീപ് വാര്യര്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് എതിരെ ഈയിടെ പങ്കുവെച്ച ഏറെ പേര്‍ ഇഷ്ടപ്പെട്ട ഒരു ട്വീറ്റ് ആണിത്. ഇതുപോലെ കോണ്‍ഗ്രസിനെതിരെ സന്ദീപ് വാര്യര്‍ ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞതും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും കവലകളില്‍ പ്രസംഗിച്ചതുമായ എത്രയോ കാര്യങ്ങളുണ്ട്. ഇതെല്ലാം സന്ദീപ് വാര്യര്‍ക്ക് ഒറ്റയടിക്ക് വിഴുങ്ങുക അത്ര എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍. അതാണ് സന്ദീപ് വാര്യരുടെ ഈ കൂടുമാറ്റം അദ്ദേഹത്തെ രാഷ്‌ട്രീയ മരണത്തിലേക്ക് എത്തിക്കുമെന്ന് പറയുന്നത്. കാലുവാരലിന്റെയും ചതിയുടെയും കുതികാല്‍വെട്ടിന്‍റേയും രാഷ്‌ട്രീയം അവസാനിച്ചുകഴിഞ്ഞു. വരാനിരിക്കുന്ന നാളുകളിലെ രാഷ്‌ട്രീയത്തില്‍ ധാര്‍മ്മികത ഒരു നേതാവിന്റെ അളവുകോല്‍ ആകുകതന്നെ ചെയ്യും. അതാണ് മോദിയെപ്പോലുള്ള ഒരു നേതാവിനെ സാധാരണ വോട്ടര്‍മാര്‍ മൂന്നാമതും ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തില്‍ വാഴിച്ചത്. ഇരട്ടമുഖമില്ലാത്ത, ഇരട്ടത്താപ്പില്ലാത്ത, അവസരവാദമില്ലാത്ത രാഷ്‌ട്രീയനേതാക്കളെയാണ് നാളത്തെ യുവസമൂഹം ആവശ്യപ്പെടുന്നത്.

മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കും പാണക്കാട്ടെ തങ്ങള്‍ക്കും നടുവിലായി മധുരം നുണഞ്ഞ് ചിരിച്ച് ഇരിക്കുന്ന സന്ദീപ് വാര്യര്‍ക്ക് വ്യക്തിപരമായ നേട്ടങ്ങള്‍ ഒരു പക്ഷെ ഉണ്ടാക്കാന്‍ കഴിഞ്ഞേക്കാം എന്നും രാഷ്‌ട്രീയ വിദഗ്ധര്‍ പറയുന്നു. പക്ഷെ വ്യക്തിപരമായ നേട്ടങ്ങള്‍ മാത്രം ആഗ്രഹിക്കുന്ന നേതാവായിരുന്നോ സന്ദീപ് വാര്യര്‍ എന്ന് കാലം തെളിയിക്കും. ഇനി അങ്ങിനെ ഭൗതികനേട്ടം കൊയ്ത് സമ്പന്നനായി ഇരിക്കുന്നതില്‍ സന്തുഷ്ടനായ നേതാവാണ് സന്ദീപ് വാര്യരെങ്കില്‍ പഴയ പ്രതിച്ഛായയില്‍ ഒരിയ്‌ക്കലും അദ്ദേഹത്തെ കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കില്ല. ആ നിലയ്‌ക്കും ഈ കൂടുമാറ്റം അദ്ദേഹത്തിന്റെ രാഷ്‌ട്രീയമരണം തന്നെയായിരിക്കും.

കോണ്‍ഗ്രസ് മുക്ത ഭാരതം ഉറപ്പിച്ച്, അതിന് വേണ്ടി പണിയെടുത്തിരുന്ന പാര്‍ട്ടി അണികളുടെ മുന്‍പില്‍ എന്ത് സമാധാനമാണ് സന്ദീപിന് പറയാന്‍ കഴിയുക എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നു. ഇത്രയും കാലം കോണ്‍ഗ്രസ് മുക്തഭാരതം പ്രസംഗിച്ചിരുന്ന സന്ദീപിന് എങ്ങിനെയാണ് ഒരൊറ്റ നിമിഷം കൊണ്ട് എന്ത് കാരണങ്ങളുടെ പേരിലായാലും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ കഴിഞ്ഞത് എന്ന ചിന്ത അണികള്‍ക്കിടയില്‍ സന്ദീപിന് എതിരായ വികാരം സൃഷ്ടിക്കുമെന്നുറപ്പ്.

സംഘപരിവാര്‍ തത്വങ്ങള്‍ പഠിച്ച് ബിജെപിയിലേക്ക് വന്ന ഒരാളായ സന്ദീപ് വാര്യര്‍ തനിക്ക് ഒരു യോഗത്തില്‍ കസേര കിട്ടിയില്ല, തനിക്ക് സ്ഥാനാര്‍ത്ഥി ടിക്കറ്റ് നല്‍കിയില്ല എന്നൊക്കെപ്പറഞ്ഞ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് മാറിയത് ബാലിശമായിപ്പോയി എന്ന അഭിപ്രായമാണ് ശക്തമായിരിക്കുന്നത്. കെ.സി. വേണുഗോപാല്‍ എന്തൊ പദവികള്‍ ഉറപ്പുനല്‍കി എന്ന വാര്‍ത്ത പരക്കുന്നുണ്ട്. അത്തരമൊരു ഉറപ്പിന്റെ പേരിലാണ് സന്ദീപ് വാര്യര്‍ മാറിയതെങ്കില്‍ അത് രാഷ്‌ട്രീയമായി അദ്ദേഹം ആത്മഹത്യ ചെയ്തതിന് തുല്യമാണെന്നാണ് രാഷ്‌ട്രീയനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

നേരത്തെ ഒരു ചാനൽ ചർച്ചയിൽ കൊമ്പുകോർത്ത സന്ദീപ് വാര്യറും കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കലായുമാണ് സന്ദീപ് വാര്യരുടെ രാഷ്‌ട്രീയകൂടുമാറ്റത്തിന് ശേഷം  ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചു വെന്ന് പറഞ്ഞ് സന്ദീപ് വാര്യർ ജ്യോതികുമാർ ചാമക്കാലയെ തെമ്മാടി എന്ന് വിളിക്കുകയായിരുന്നു. തുടർന്ന് വലിയ തർക്കമാണ് രണ്ട് പേരും തമ്മിൽ നടന്നത്. ഇനി എന്തായാലും എതിർത്ത് നിന്ന് ചീത്ത വിളിക്കണ്ട കോൺ​ഗ്രസിനുള്ളിൽ നിന്ന് തന്നെ പരസ്പരം വാക്കുകളുടെ നിഘണ്ടു വിപുലീകരിക്കാമെന്നാണ് സോഷ്യൽ മീഡിയ പരിഹാസം.

ചെത്തല്ലൂര്‍ എന്ന ഗ്രാമത്തിന്റെ പ്രിയനേതാവായ സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടതോടെ ചെത്തല്ലൂരിലെ യുവാക്കള്‍ പോലും സന്ദീപ് വാര്യര്‍ക്കൊപ്പം നില്‍ക്കില്ല എന്നും അഭിപ്രായങ്ങള്‍ ഉയരുന്നു. സന്ദീപിന് വാദമുഖങ്ങള്‍ ചാനലില്‍ കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചിരുന്ന യുവാക്കള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിന് എതിരെ പറയുന്ന പോയിന്‍റുകള്‍ കേള്‍ക്കാനായിരുന്നു. എന്നാല്‍ ഇനി അദ്ദേഹം കടകവിരുദ്ധമായി സംസാരിക്കുന്നതോടെ സന്ദീപ് വാര്യര്‍ എന്ന നേതാവിന്റെ മരണമാണ് ഉണ്ടാവുക.

എന്തായാലും എസ് എഫ് ഐയില്‍ നിന്നും ബിജെപി വഴി കോണ്‍ഗ്രസിലേക്ക് എന്ന ഒരു ദിനപത്രത്തിന്റെ തലക്കെട്ട് തന്നെയാണ് പ്രസക്തമായത്. നിരന്തരം അവസരവാദിയായിരുന്നു ഇദ്ദേഹം എന്ന ചിന്ത തന്നെയാണ് ഈ കൂടുമാറ്റത്തിലൂടെ കേരളത്തില്‍ പൊതുസമൂഹത്തിന്റെ മനസ്സില്‍ ഉണ്ടാവുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക