India

മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ആവശ്യ സേവനങ്ങള്‍ക്കായി നിലവില്‍ ഈടാക്കുന്ന നിരക്കില്‍ വര്‍ദ്ധനവ് വരുത്തണം; ആര്‍ബിഐ

Published by

തിരുവനന്തപുരം: മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ആവശ്യ സേവനങ്ങള്‍ക്കായി നിലവില്‍ ഈടാക്കുന്ന നിരക്കില്‍ വര്‍ദ്ധനവ് വരുത്തണമെന്ന് ആര്‍ബിഐ. വെള്ളം, ശുചീകരണം പോലുള്ള അവശ്യ സേവനങ്ങള്‍ക്ക് മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ ഇപ്പോള്‍ ഈടാക്കുന്ന നിരക്കില്‍ വര്‍ദ്ധനവ് വരുത്തണമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയത്. നികുതിയേതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍ദ്ദേശം. വരുമാനം വര്‍ധിപ്പിക്കുന്നതിനൊപ്പം മെച്ചപ്പെട്ട സേവനം ലഭ്യമാക്കണമെന്നും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്. മുനിസിപ്പല്‍ കോര്‍പറേഷനുകളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലാണ് റിസര്‍വ് ബാങ്ക് പഠനം നടത്തിയത്.

2019 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ രാജ്യത്തെ 232 മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ ബജറ്റ് വകയിരുത്തലുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.ജലവിതരണം, ശുചീകരണം, മാലിന്യ സംസ്‌കരണം എന്നിവയ്‌ക്ക് യൂസര്‍ ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ കോര്‍പറേഷനുകളുടെ വരുമാനം വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതിലൂടെ കോര്‍പറേഷനുകളുടെ സാമ്പത്തിക ആരോഗ്യം ശക്തിപ്പെടുത്താനാവും. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നും നഗരമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുമെന്നും റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു.

ട്രേഡ് ലൈസന്‍സ് ഫീസ്, കെട്ടിട നിര്‍മ്മാണ അനുമതി, മാര്‍ക്കറ്റ് ഫീസ്, കശാപ്പുശാലകളിലെ ഫീസ്, പാര്‍ക്കിംഗ് ഫീസ്, ജനന മരണ രജിസ്‌ട്രേഷന്‍ തുടങ്ങിയ എല്ലാ നികുതിയേതര വരുമാനവും വര്‍ധിപ്പിക്കാനാണ് നിര്‍ദ്ദേശം. കെട്ടിട നികുതി പോലുള്ള വരുമാന വര്‍ധനവിന് ജിഐഎസ് മാപ്പിങും ഡിജിറ്റല്‍ പേമെന്റ് സംവിധാനവും ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വെള്ളം, ഡ്രെയ്‌നേജ് ടാക്‌സുകള്‍, ഫീസ്, യൂസര്‍ ചാര്‍ജ് എന്നിവ ഈടാക്കാനും പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by