വയലാര്‍ എന്ന എഴുത്തുകാരനെ ഇടത്പക്ഷകേന്ദ്രങ്ങള്‍ കൊട്ടിഘോഷിച്ചത് വിപ്ലവഗാനരചയിതാവ് എന്ന നിലയ്‌ക്കാണ്. ബലികുടീരങ്ങളേ തൊട്ട് ഒരു പാട് ഗാനങ്ങള്‍ വയലാറിന്‍റേതായി അവര്‍ കൊട്ടിഘോഷിക്കാറുമുണ്ട്. എന്നാല്‍ ഈ വിപ്ലവകൊടുങ്കാറ്റുകളെയെല്ലാം അതിജീവിക്കുന്ന അനശ്വരഭക്തിഗാനങ്ങളാണ് അദ്ദേഹം ശബരിഗിരീശ്വരനായ അയ്യപ്പനെക്കുറിച്ചും സങ്കടമോചനം നല്‍കുന്ന ഗുരുവായൂരപ്പനെക്കുറിച്ചും എഴിതയത്.
പണ്ടൊരിയ്‌ക്കല്‍ കുഞ്ചാക്കോയ്‌ക്ക് വയലാര്‍ ഒരു ഗാനം എഴുതിക്കൊടുത്തു.
ശബരിമലയിലും കല്ല്,
നിലേശ്വരത്തും കല്ല്…
കല്ലിനെ പൂജിച്ച് നടക്കുന്നവരെ
കല്‍പണിക്കാരെ മറക്കരുതേ…
അങ്ങേയറ്റം നിരീശ്വരവാദം പറയുന്ന ഗാനം. എന്നാല്‍ അതേ വയലാര്‍ കുഞ്ചാക്കോയ്ക്ക് എഴുതിക്കൊടുത്ത ശബരിമല ഭക്തിഗാനങ്ങള്‍ കാലത്തെ ജയിച്ച് ഇന്നും അയ്യപ്പഭക്തരുടെ നെഞ്ചില്‍ മുഴങ്ങുന്നു.
ശബരിമലയില്‍ തങ്ക സൂര്യോദയം
ഈ സംക്രമപുലരിയില്‍ അഭിഷേകം
ഭക്തകോടി തേടിയെത്തും സന്നിധാനത്തില്‍
വന്നെത്തുമെന്റെ ഹൃദയവും ഉടുക്കും കൊട്ടി…
ഇവിടെ ശബരിമലയുടെ പ്രാധാന്യവും ഭക്തര്‍ക്ക് അതിനോടുള്ള അകമഴിഞ്ഞ ആവേശവുമാണ് വയലാര്‍ എഴുതുന്നത്. സ്വാമി അയ്യപ്പന്‍ എന്ന സിനിമയില്‍ ദേവരാജന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന ഈ പാട്ടില്‍ അടുത്ത വരികളിലേക്ക് എത്തുമ്പോള്‍ ഭക്തിയുടെ ആവേശത്തിരത്തള്ളല്‍ കാണാം:
അയ്യപ്പതൃപ്പാദ പത്മങ്ങളിൽ ഈ
നെയ്യഭിഷേകമൊരു പുണ്യദർശനം
ഈരേഴുലകിന്നുമധിപതിയാമെന്നയ്യപ്പാ
എന്നിൽ കാരുണ്യാമൃത തീർഥംചൊരിയണമയ്യപ്പാ…
എന്തൊരു അപൂര്‍വ്വ സമസ്തപദപ്രയോഗം! – ‘കാരുണ്യാമൃത തീര്‍ത്ഥം ചൊരിയണം അയ്യപ്പാ’.. എന്ന് വയലാറിനുള്ളിലെ നിസ്സഹായഭക്തന്‍ തന്നെയാണോ അയ്യപ്പനോട് പ്രാര്‍ത്ഥിക്കുന്നത്? പലപ്പോഴും ഭക്തി കരകവിഞ്ഞൊഴുകുമ്പോള്‍ വലയാര്‍ വയലാര്‍ അല്ലാതാകും. തേജോമയനായ ദൈവത്തിന് മുന്‍പില്‍ നിസ്സഹായനാകുന്ന സാധാരണ മാനവനായി മാറുന്ന സന്ദര്‍ഭങ്ങള്‍ എത്രയോ കാണാം. അപ്പോഴാണ് അദ്ദേഹത്തിന് സമസ്തപദങ്ങള്‍ തടസ്സിമില്ലാതെ അനര്‍ഗ്ഗളം ഒഴുകിവരിക.
മല്ലികപ്പൂമ്പനിനീരഭിഷേകം ഭക്ത
മാനസപ്പൂന്തേനുറവാലഭിഷേകം
നിറച്ച പഞ്ചാമൃതത്താലഭിഷേകം അതിൽ
നിത്യ ശോഭയണിയുന്നു നിൻ ദേഹം
എത്ര ഭംഗിയോടെയാണ് അയ്യപ്പഭക്തി ഇവിടെ വിവരിക്കുന്നത്. കവി ഇവിടെ ഭക്തരുടെ മാനസപ്പൂന്തേനുറവാല്‍ അഭിഷേകം ചെയ്യുകയാണ് അയ്യപ്പന്റെ ദേഹം. എന്തൊരു കവിഭാവനയാണിത്!
1975ല്‍ ഒരു തലമുറയ്‌ക്ക് മുഴുവന്‍ അയ്യപ്പഭക്തിയുടെ, അയ്യപ്പശക്തിയുടെ കരുത്ത് വിളംബരം ചെയ്യുന്ന ഈ ശ്രീകുമാരന്‍തമ്പിയുടെ സിനിമയായ സ്വാമി അയ്യപ്പനിലെ എല്ലാ ഗാനങ്ങളും ഭക്തിയുടെ വിവിധ ഭാവങ്ങള്‍ വിളിച്ചോതുന്നവയാണ്. വയലാറിന്റെ കയ്യൊപ്പിന്റെ മുദ്രയണിഞ്ഞ തിളക്കമാര്‍ന്ന ഭക്തിഗാനങ്ങള്‍.
തേടി വരും കണ്ണുകളിൽ
ഓടിയെത്തും സ്വാമി
തിരുവിളക്കിൻ കതിരൊളിയിൽ
കുടിയിരിക്കും സ്വാമി
ലളിതമായി സ്വാമിസ്തുതി പാടുന്ന ഈ വയലാര്‍ ഗാനവും അവിസ്മരണീയം തന്നെ.
പണ്ട് ഹിന്ദു ഗൃഹങ്ങളില്‍ സായാഹ്ന പ്രാര്‍ത്ഥനാഗീതമായി മാറിയ ‘ചെത്തി മന്ദാരം തുളസി’ വയലാറിന്റെ രചനയാണ്.
മയില്‍പ്പീലി ചൂടിക്കൊണ്ടും
മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും
മണിക്കുഴലൂതിക്കൊണ്ടും
കണി കാണേണം
ഈ ലളിതമായ ഗുരുവായൂരപ്പ ഭക്തിഗാനം അതിന്റെ സാരള്യം കൊണ്ടും അതില്‍ വിരിയുന്ന നിഷ്കളങ്ക ഭക്തികൊണ്ടും അതുല്യം.
അഗതിയാമടിയന്റെ
അശ്രു വീണു കുതിര്‍ന്നോരീ
അവില്‍പ്പൊതി കൈക്കൊള്ളുവാന്‍
കണി കാണേണം
ഭക്തിയാല്‍ നിസ്സഹായനാകുന്ന ഒരു കവിയെയാണ് വയലാറിന്റെ ഈ വരികളില്‍ കാണുന്നത്. ‘അടിമകള്‍’ എന്ന സിനിമയിലേതാണ് ഈ ഗാനം.
ഒതേനന്റെ മകന്‍ എന്ന സിനിമയ്‌ക്ക് വേണ്ടി രചിച്ച താഴെപ്പറയുന്ന ഗുരുവായൂരപ്പ ഭക്തിഗാനത്തില്‍ ഭക്തിയുടെ നിര്‍മ്മലമായ സാന്നിധ്യം കാണാം.
ഗുരുവായൂരമ്പല നടയിൽ
ഒരു ദിവസം ഞാൻ പോകും
ഗോപുര വാതിൽ തുറക്കും – ഞാൻ
ഗോപകുമാരനെ കാണും
(ഗുരുവായൂരമ്പല..)
ഓമൽച്ചൊടികൾ ചുംബിക്കും
ഓടക്കുഴൽ ഞാൻ ചോദിക്കും (2)
മാനസകലികയിലമൃതം പകരും
വേണു നാദം കേൾക്കും – ശ്രീകൃഷ്ണ
വേണു നാദം കേൾക്കും
ഈവിടെ കൃഷ്ണനോട്, ഗുരുവായൂരപ്പനോട് അകമഴിഞ്ഞ വാത്സല്യവും ഭക്തിഭയവും ഉള്ള ഒരാള്‍ക്ക് മാത്രം കുറിക്കാവുന്ന വരികളാണ് വയലാര്‍ എഴുതിയിരിക്കുന്നത്.
നാരായണം ഭജെ നാരായണം ലക്ഷ്മി
നാരായണം ഭജെ നാരായണം
പങ്കജലോചനം നാരായണം ഭക്ത
സങ്കടമോചനം നാരായണം
‘ഭക്തസങ്കടമോചനം നാരായണം’ എന്ന് ഒരു ഭക്തകവികുശലന് മാത്രമേ എഴുതാന്‍ കഴിയൂ.
ഇതപോലെ വയലാറിന്റെ എത്രയോ ഗാനങ്ങള്‍…ഭക്തിപാരവശ്യം തുളുമ്പുന്ന ആ വരികള്‍ ഭഗവാന് മുന്‍പില്‍ സാഷ്ടാംഗം നമസ്കരിക്കാന്‍ കഴിയുന്ന ഒരു മനസ്സില്‍ നിന്നല്ലാതെ വാര്‍ന്നു വീഴുക അസാധ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക