India

തനിമയ്‌ക്കുവേണ്ടിയുള്ള സമര്‍പ്പണം നാടോടി പാരമ്പര്യങ്ങളുടെ കാതല്‍: ജെ. നന്ദകുമാര്‍

Published by

ഭാഗ്യനഗര്‍(തെലങ്കാന): തനിമയ്‌ക്കും ധര്‍മ്മത്തിനും വേണ്ടിയുള്ള ജീവിത സമര്‍പ്പണമാണ് നാടോടി പാരമ്പര്യങ്ങളുടെ കാതലെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ലോക്മന്ഥന് മുന്നോടിയായി ജന്‍ജാതീയ ഗൗരവ് ദിവസ് പ്രമാണിച്ച് എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനവാസി വീരനായകന്‍ ഭഗവാന്‍ ബിര്‍സാമുണ്ടയുടെ പോരാട്ടം ഭാരതീയ ജീവിതം എത്രമേല്‍ തനിമയാര്‍ന്നതാണെന്ന് വിളിച്ചുപറയുന്നതാണ്. സംസ്‌കാരത്തിനും കുലധര്‍മ്മങ്ങള്‍ക്കും മീതെ അധിനിവേശ ശക്തികള്‍ അക്രമം അഴിച്ചുവിട്ടപ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ കാവലാളായി ബിര്‍സ മുണ്ട ജ്വലിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ അസ്മിതയെ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടിയാണ് വീര ബിര്‍സയുടെ പോരാട്ട കഥയെന്ന് നന്ദകുമാര്‍ പറഞ്ഞു. ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തില്‍ അഭിമാനംകൊള്ളുന്ന തലമുറയെ വാര്‍ത്തെടുക്കാന്‍ ഈ ചരിത്രങ്ങള്‍ വീണ്ടെടുക്കണം, നന്ദകുമാര്‍ പറഞ്ഞു.

പരിപാടിയില്‍ ലോകമന്ഥന്റെ പോസ്റ്റര്‍ അദ്ദേഹം അനാച്ഛാദനം ചെയ്തു. 21 മുതല്‍ 24 വരെ ഹൈദരാബാദിലെ ശില്‍പകലാ വേദിയിലാണ് ലോക്മന്ഥന്‍ അരങ്ങേറുന്നത്. എബിവിപി ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജ് ഉള്‍പ്പെടെയുള്ളവരും വേദിയില്‍ ഉണ്ടായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക